വർഷങ്ങൾ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഉണ്ണി മുകുന്ദൻ മാസ് കഥാപാത്രമായെത്തിയ ചിത്രമാണ് ഗരുഡൻ. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോക്സോഫീസിലും കുതിച്ചുയരുകയാണ് ചിത്രം. ഇപ്പോഴിതാ പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയാണ് ഉണ്ണി മുകുന്ദൻ. ചിത്രം കണ്ടിറങ്ങിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു താരം.
എല്ലായിടത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ഷോ കണ്ടിറങ്ങമ്പോഴുള്ള പ്രേക്ഷകരുടെ ഈ പിന്തുണയിൽ വളരെയധികം സന്തോഷമുണ്ട്. എല്ലാവരും തിയേറ്ററിൽ പോയി സിനിമ കാണണം. തമിഴ് സിനിമാ മേഖലയിൽ നല്ലൊരു സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ചെന്നൈയിൽ നിന്നും നല്ല പ്രതികരണം ലഭിക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഗരുഡനിൽ ഒപ്പം അഭിനയിച്ച താരങ്ങളെ കുറിച്ചും ഉണ്ണി മുകുന്ദൻ സംസാരിച്ചു. ശിവദയുടെ കരിയറിലെ ബെസ്റ്റ് സിനിമയാണിതെന്നും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സൂരി എന്ന നടന്റെ ജീവിതത്തിലെ പല കാര്യങ്ങളും നമ്മുക്ക് വലിയ പ്രചോദനകരമാണ്. അദ്ദേഹം നല്ലൊരു വ്യക്തിയാണ്. എല്ലാവിധ ആശംസകളും ഞാൻ നേരുന്നു. 12 വർഷത്തെ വലിയൊരു ഇടവേളയ്‌ക്ക് ശേഷം ഇങ്ങനെയൊരു സിനിമ ചെയ്യാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു.
ഇത്രയും വലിയ ടീമിനോടൊപ്പം ഒരു പ്രോജക്ട് ചെയ്യാൻ സാധിച്ചതിൽ എല്ലാവരോടും നന്ദി മാത്രമേ പറയാനുള്ളൂവെന്ന് നടി ശിവദ പ്രതികരിച്ചു. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരും സിനിമ കാണണമെന്നും ശിവദ പറഞ്ഞു.
വെട്രിമാരന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ദുരൈ സെന്തിൽ കുമാറാണ് സംവിധാനം ചെയ്തത്. ഉണ്ണി മുകുന്ദനോടൊപ്പം ശശി കുമാറും സൂരിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശിവദ, രോഷിണി ഹരിപ്രിയൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. സമുദ്രക്കനി, മൈം ഗോപി, മൊട്ട രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.















