ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നിർമിത ബുദ്ധി ഉപയോഗപ്പെടുത്തിയെന്ന ഓപ്പൺ എഐ റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ജനാധിപത്യത്തിന് ഭീഷണിയാണ് ഇത്തരം ഇടപെടലുകളെന്ന് കേന്ദ്രമന്ത്രി പറഞ്ഞത്.
ഇസ്രായേൽ കമ്പനിയായ STOIC ആണ് ബിജെപിയെ ഇകഴ്‌ത്തിയും പ്രതിപക്ഷത്തെ പുകഴ്‌ത്തിയുമുള്ള ഉള്ളടക്കങ്ങൾ സൃഷ്ടിച്ചതെന്നാണ് ഓപ്പൺ എഐ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. എക്സ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലൂടെയാണ് ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് നിർണായക വെളിപ്പെടുത്തൽ.
ജനാധിപത്യത്തിന് ഭീഷണിയാണിത്. ഇന്ത്യയിലും പുറത്തുമുള്ള നിക്ഷിപ്ത താൽപ്പര്യങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത് എന്നത് വ്യക്തമാണ്. സംഭവം വിശദമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തോളമായി എഐ ഉള്ളടക്കങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. റഷ്യ, ഇറാൻ, ചൈന, ഇസ്രായേൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന പ്രവർത്തനങ്ങളാണ് ഓപ്പൺഎഐ ഇടപെട്ട് പരാജയപ്പെടുത്തിയത്. ഇന്ത്യക്കെതിരെ പ്രവർത്തിച്ചത് ഇസ്രായേൽ കേന്ദ്രീകരിച്ച കമ്പനിയെന്നാണ് റിപ്പോർട്ട്.