മുകേഷ് അംബാനിയുടെ ഇളയ പുത്രൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായിട്ടുള്ള പ്രീ വെഡിംഗ് ആഘോഷങ്ങൾ പൊടിപ്പൊടിക്കുകയാണ്. അനന്ത് അംബാനിയുടെയും പ്രതിശ്രുതവധു രാധിക മർച്ചൻറിന്റെയും പ്രീ വെഡിംഗ് ആഘോഷിത്തിന്റെ രണ്ടാം പതിപ്പിന് ഇന്ന് അവസാനമാകും. ഇറ്റലിയിലുള്ള ആഡംബര കപ്പലിൽ മൂന്ന് ദിവസമായി ആഘോഷങ്ങൾ നടക്കുകയാണ്.
8,000 അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിവരം. ഇറ്റലിയിൽ നിന്ന് തെക്കൻ ഫ്രാൻസിലേക്ക് സഞ്ചരിച്ച കപ്പലിൽ അതിഥികളെ അതിശയിപ്പിക്കുന്ന വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ഇറ്റാലിയൻ, മെക്സിക്കൻ, ജാപ്പനീസ്, ഫ്രഞ്ച്, നോർത്ത് ഇന്ത്യൻ, ഗുജറാത്തി വിഭവങ്ങൾക്കൊപ്പം നമ്മുടെ ദക്ഷിണേന്ത്യൻ വിഭവങ്ങളും ഉൾപെടുത്തിയിരുന്നു.
ദക്ഷിണേന്ത്യയിലെ മികച്ച ഭക്ഷണം ലഭിക്കുന്ന രാമേശ്വരം കഫേയാണ് സെലിബ്രിറ്റികളെയും മറ്റ് അതിഥികളെയും ദക്ഷിണേന്ത്യൻ ഭക്ഷണം വിളമ്പി ഞെട്ടിക്കുന്നത്. പൊടി ഇഡ്ഡലിയും പൊടി ദോശയുമാണ് മെനുവിൽ കയറി കൂടിയ വിഭവങ്ങൾ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ദക്ഷിണേന്ത്യയുടെ സ്വന്തം രാമേശ്വരം കഫേയാണ് കപ്പലിൽ ഭക്ഷണം വിളമ്പുന്ന ഒരേയൊരു റെസ്റ്റോറൻ്റ് എന്ന് രാമേശ്വരം കഫേ സഹസ്ഥാപകൻ രാഘവേന്ദ്ര റാവു പറഞ്ഞു. മറ്റൊരു നാഴികക്കല്ലിനൊപ്പം മറ്റൊരു പൊൻതൂവൽ കൂടി എന്നാണ് റെസ്റ്റോറൻ്റിന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചത്. ദക്ഷിണേന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന മികച്ച ദക്ഷിണേന്ത്യൻ ഭക്ഷണശാലയാണ് രാമേശ്വരം കഫേയെന്നും കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. നിരവധി ഉപയോക്താക്കളാണ് ആശംസകളും സന്തോഷവും കമന്റ് ബോക്സിൽ പങ്കുവച്ചിട്ടുള്ളത്.