അശോക് നഗർ: പെൺകുട്ടിയെ കല്യാണമണ്ഡപത്തിൽ നിന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് യുവാവ്. ഒരു സംഘം ആളുകളും വാളും മാരക ആയുധങ്ങളുമായെത്തിയാണ് ഇയാൾ യുവതിയെ വിവാഹദിവസം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലാണ് സംഭവം.
പ്രതി കാലു എന്ന സലിം ഖാൻ ഇതിനുമുൻപ് 22 കാരിയായ യുവതിയെ പല തവണ പീഡനത്തിനിരയാക്കുകയും ഈ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടി മറ്റൊരു കല്യാണം കഴിക്കാൻ പോകുന്നതറിഞ്ഞ് പെൺകുട്ടിയുടെ കുടുംബത്തെയും ഇയാൾ ആക്രമിച്ചിരുന്നു.
സംഭവദിവസം മാരകായുധങ്ങളുമായെത്തിയ യുവാവും സംഘവും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. അക്രമികൾ പെൺകുട്ടിയെ വീടിന് പുറത്തെ റോഡിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നു. നിരവധി ആളുകൾ സംഭവസ്ഥലത്തു തടിച്ചുകൂടിയതോടെ ഇവർ യുവതിയെ റോഡിൽ ഉപേക്ഷിച്ച് ബൈക്കിൽ കടന്നുകളയുകയായിരുന്നു. പെൺകുട്ടിയുടെയും പിതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.















