മനില: ദക്ഷിണ ചൈനാ കടൽ സംഘർഷത്തിനിടയിൽ നടത്തുന്ന ‘യുദ്ധ പ്രവർത്തനങ്ങൾ’ക്കെതിരെ ചൈനയ്‌ക്ക് ഫിലിപ്പീൻസ് പ്രസിഡൻ്റ് മുന്നറിയിപ്പ് നൽകി.
ദക്ഷിണ ചൈനാ കടലിലെ ചുവന്ന രേഖ കടക്കരുതെന്ന് ബീജിങ്ങിനെ താക്കീത് ചെയ്‌ത ഫിലിപ്പീൻസ് പ്രസിഡൻ്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ചൈനയുടെ മനഃപൂർവമായ പ്രവർത്തനങ്ങളുടെ ഫലമായി ഏതെങ്കിലും ഫിലിപ്പിനോ മരിച്ചാൽ, മനില അതിനെ “യുദ്ധത്തിന്റെ” അടുത്തായി കണക്കാക്കുമെന്നും അതിനനുസരിച്ച് പ്രതികരിക്കുമെന്നും പറഞ്ഞു.
വെള്ളിയാഴ്ച രാത്രി സിംഗപ്പൂരിൽ നടന്ന പ്രതിരോധ-സുരക്ഷാ കേന്ദ്രീകൃത ഷാംഗ്രി ലാ ഡയലോഗിനെ അഭിസംബോധന ചെയ്തുകൊണ്ട്, ഫിലിപ്പീൻസ് പ്രെസിഡന്റ് സംസാരിച്ചിരുന്നു.
ദക്ഷിണ ചൈനാ കടലിൽ പൂർണ്ണമായും തങ്ങളുടെ അവകാശവാദങ്ങൾ ഉയർത്തിയ ചൈന അവിടെ അവരുടെ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ചൈനയുടെ കോസ്റ്റ് ഗാർഡ് കപ്പലുകൾ നടത്തിയ അതിക്രമങ്ങളിൽ കഴിഞ്ഞ വർഷം നിരവധി ഫിലിപ്പൈൻ കപ്പലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഫിലിപ്പിനോ നാവികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ദക്ഷിണ ചൈനാ കടലിന്റെ ഏതാണ്ട് മുഴുവൻ ഭാഗവും തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുന്നു. എന്നാൽ അതെ തീരം പങ്കു വെക്കുന്ന തായ്‌വാൻ, ഫിലിപ്പീൻസ്, ബ്രൂണെ, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളും അവിടെ തങ്ങളുടെ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
“അതേസമയം, അമേരിക്കയുടെ സ്ഥിരതയുള്ള സാന്നിധ്യം പ്രാദേശിക സമാധാനത്തിന് നിർണായകമാണ്” എന്നും ഫിലിപ്പീൻസ് പ്രെസിഡന്റ് അടിവരയിട്ടു പറഞ്ഞു.സിംഗപ്പൂരിൽ നടന്ന സുരക്ഷാ ഫോറത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി ഓസ്റ്റിനും ലോകമെമ്പാടുമുള്ള പ്രതിരോധ മേധാവികളും പങ്കെടുക്കുന്നുണ്ട്.
ചൈനയുടെ പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജുൻ ഞായറാഴ്ച സുരക്ഷാ ഫോറത്തിൽ സംസാരിക്കും. ദക്ഷിണ ചൈനാ കടലിലെ ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.















