വയനാട്: സമസ്തയെ നയങ്ങൾ പഠിപ്പിക്കാൻ ആരും വരേണ്ടെന്ന് സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല എന്നും മഹാന്മാർ ഉണ്ടാക്കിയ പ്രസ്ഥാനമാണ് സമസ്ത എന്നും മുത്തുക്കോയ തങ്ങൾ അവകാശപ്പെട്ടു. വിശ്വാസികളെ സ്വർഗ്ഗത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകുവാനുള്ള സംഘടനയാണ് സമസ്തയെന്നും സമസ്ത പ്രസിഡന്റ് പറഞ്ഞു. വയനാട് ജില്ലാ സദർ മുഅല്ലിം സംഗമത്തിൽ സംസാരിക്കുകയായിരുന്നു മുത്തുക്കോയ തങ്ങൾ.
“സമസ്ത എന്നത് മഹത്തായ പ്രസ്ഥാനമാണ്. മഹാന്മാർ ഉണ്ടാക്കിയ പ്രസ്ഥാനമാണ് സമസ്ത. ഒരുകാലത്തും ഇതിനെ പോറൽ ഏൽപ്പിക്കാൻ ഒരു ശക്തിക്കും സാധിക്കുകയില്ല. സമസ്തയുടെ നയങ്ങൾക്ക് ഒരു മാറ്റവും ഉണ്ടാകില്ല. മുൻഗാമികൾ രൂപീകരിച്ച നയങ്ങളാണ് സമസ്ത പിന്തുടരുന്നത്. പുതിയ നയങ്ങൾ ഒന്നും പഠിപ്പിക്കാൻ ആരും വരേണ്ട. ഈ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടത് എങ്ങനെയാണെന്ന് ഞങ്ങൾക്ക് അറിയാം. ഈ പ്രസ്ഥാനത്തിന് അതിനുള്ള ശക്തിയുണ്ട്”.
“നമ്മുടെ ആൾക്കാർ രക്ഷപ്പെടണം, സ്വർഗ്ഗത്തിലേക്ക് അവരെ കൈപിടിച്ച് കൊണ്ടുപോകണം. ഇതിനൊക്കെ വേണ്ടിയിട്ടുള്ള പ്രസ്ഥാനമാണ് സമസ്ത. ആ നിലയിൽ ഈ സംഘടനയെ ശക്തിപ്പെടുത്തണം. നൂറാം വാർഷികം വരാൻ പോകുകയാണ്. സമസ്തയുടെ 100 വർഷം വലിയ സംഭവമാക്കി തീർക്കണം. ഉസ്താദുമാരാണ് ഇതിന്റെ പ്രചാരകർ. സമസ്തയുടെ ഉപദേശങ്ങളും ലക്ഷ്യങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടത് ഉസ്താദുമാരാണ്”- മുത്തുക്കോയ തങ്ങൾ പറഞ്ഞു.