ന്യൂയോർക്ക്: ടി 20 ലോകകപ്പിന് മുന്നോടിയായി അരങ്ങേറിയ ട്വന്റി 20 സന്നാഹ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് തകർച്ച. സ്‌കോർ 50 റൺസ് കടക്കുന്നതിനിടെ ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടിയിരുന്നു. മലയാളി താരം സഞ്ജു സാംസൺ ഇറങ്ങിയെങ്കിലും ഒറ്റ റൺസ് മാത്രമെടുത്ത് എൽബിയിൽ കുടുങ്ങി മടങ്ങി. ഋഷഭ് പന്തും സൂര്യകുമാർ യാദവും ഹാർദ്ദിക് പാണ്ഡ്യയും നടത്തിയ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ നൽകിയത്.
ഋഷഭ് പന്ത് 32 പന്തിൽ നിന്ന് 53 റൺസ് എടുത്തു. നാല് ഫോറുകളും നാല് സിക്‌സറുകളും ഋഷഭിന്റെ ബാറ്റിൽ നിന്ന് പറന്നു. സൂര്യകുമാർ യാദവ് 18 പന്തിൽ 31 റൺസെടുത്തു. ഹാർദ്ദിക് പാണ്ഡ്യ പുറത്താകാതെ 23 പന്തിൽ 40 റൺസെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മ 19 പന്തിൽ നിന്ന് 23 റൺസ് നേടിയിരുന്നു. ശിവം ദുബെ 14 റൺസും രവീന്ദ്ര ജഡേജ പുറത്താകാതെ നാല് റൺസും നേടി.
ബംഗ്ലാദേശിന് വേണ്ടി തൻസീദ് ഹസൻ മാത്രമാണ് അൽപമെങ്കിലും പിടിച്ചു നിന്നത്. 18 പന്തിൽ 17 റൺസാണഅ തൻസീദ് നേടിയത്. സൗമ്യ സർക്കാരും നജ്മുൾ ഹൊസൈൻ ഷാന്റോയും പൂജ്യത്തിന് പുറത്തായി. തൗഹിദ് ഹൃദോയ് 14 പന്തിൽ 13 റൺസെടുത്ത് പുറത്തായി.















