ന്യൂഡൽഹി: കന്യാകുമാരി വിവേകാനന്ദപ്പാറയിലെ ധ്യാനത്തിന് പിന്നാലെ അനുഭവക്കുറിപ്പ് പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാന്ദന്റെ മൂല്യങ്ങളും ആദർശങ്ങളും ഉൾക്കൊള്ളുന്ന ഈ പുണ്യ സ്ഥലത്ത് വർഷങ്ങൾക്ക് ശേഷം ധ്യാനത്തിലിരിക്കാൻ അവസരം ലഭിച്ചതിൽ താൻ വളരെ അധികം ഭാഗ്യവാനാണെന്ന് പ്രധാനമന്ത്രി കുറിച്ചു.
ഈ ശിലാ സ്മാരകത്തിലെ ധ്യാനം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നും ഭാരതമാതാവിന്റെ കാൽക്കൽ ഇരുന്ന് ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളും ശരീരത്തിലെ ഓരോ അണുവും ഭാരതത്തിന്റെ സേവനത്തിനായി സമർപ്പിക്കുകയാണെന്ന് ആവർത്തിച്ച് ഉറപ്പിച്ചതായി പ്രധാനമന്ത്രി കുറിച്ചു.
വർഷങ്ങൾക്ക് മുൻപ് ഭാരതമെങ്ങും സഞ്ചരിക്കവേയാണ് സ്വാമി വിവേകാനന്ദൻ ഇവിടെയെത്തി ധ്യാനമിരുന്നതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഭാരതത്തിന് ഒരു പുതിയ ദിശാബോധം നൽകാൻ അദ്ദേഹത്തിന് മുൻപിൽ മാർഗം തെളിഞ്ഞത് ഇവിടെ നിന്നാണെന്നും പ്രധാനമന്ത്രി അനുഭവക്കുറിപ്പിന്റെ തുടക്കത്തിൽ കുറിച്ചു.
ആത്മീയ നവോത്ഥാന നായകനായ സ്വാമി വിവേകാനന്ദൻ തന്റെ ആദർശത്തിന്റെയും ആത്മീയതയുടെയും ഊർജ്ജത്തിന്റെയും ഉറവിടമാണ്. വിവേകാനന്ദപ്പാറയിലെ സന്ദർശനം തനിക്ക് ദൈവിക ഊർജ്ജം നൽകിയതായും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചതിന് പിന്നാലെ വ്യാഴാഴ്‌ച്ചയാണ് പ്രധാനമന്ത്രി ധ്യാനത്തിനായി കന്യാകുമാരിയിലെത്തിയത്. 45 മണിക്കൂർ നീണ്ടുനിന്ന ധ്യാനത്തിന് ശേഷം ഉച്ചയ്‌ക്കാണ് മടങ്ങിയത്.















