ന്യൂഡൽഹി: രാജ്യത്തെ വിഭജിച്ച് ഭരിക്കാനുള്ള കോൺഗ്രസിന്റെയും ഇൻഡി മുന്നണിയുടേയും ശ്രമങ്ങൾ വിജയിക്കില്ലെന്ന പരിഹാസവുമായി ബെംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാർത്ഥി തേജസ്വി സൂര്യ. ബിജെപിയുടെ നേട്ടമാണ് എക്‌സിറ്റ് പോൾ ഫലങ്ങളിലൂടെ വ്യക്തമാകുന്നതെന്നും തേജസ്വി സൂര്യ പറയുന്നു. ഒരു ദേശീയമാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ബിജെപി വലിയ വിജയം നേടുമെന്ന് തന്നെയാണ് എക്‌സിറ്റ് പോൾ ഫലങ്ങളിലൂടെ തെളിയുന്നത്. രാജ്യത്തെ മുഴുവൻ ജനങ്ങളും കോൺഗ്രസിന്റെയും ഇൻഡി മുന്നണിയുടേയും വ്യാജ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞിരിക്കുകയാണ്. രാജ്യത്തെ ഭാഷയുടേയും ദേശത്തിന്റെയും പേരിൽ വിഭജിക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസുകാർ. ആ ശ്രമം അവർ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം ജനങ്ങൾ നേരിൽ കാണുന്നുണ്ട്.
എക്‌സിറ്റ് പോൾ പ്രവചനങ്ങളിലെല്ലാം എൻഡിഎയ്‌ക്ക് വലിയ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. 10 വർഷമായി അധികാരത്തിൽ ഇരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വർദ്ധിക്കുകയാണെന്ന് പ്രതിപക്ഷവും തിരിച്ചറിയുന്നുണ്ട്. ഒരു രാഷ്‌ട്രീയപാർട്ടി തുടർച്ചയായി 10 വർഷം അധികാരത്തിൽ ഇരിക്കുന്നതും വലിയ ജനപിന്തുണയോടെ ഒരു പ്രധാനമന്ത്രി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതുമെല്ലാം അദ്ദേഹം ജനങ്ങളിൽ നിന്ന് നേടിയെടുത്ത വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് നരേന്ദ്രമോദി. ഈ വസ്തുത വീണ്ടും അടിവരയിട്ട് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും” തേജസ്വി സൂര്യ പറയുന്നു.