കാസർകോട്: എട്ട് മാസം പ്രായമായ കുഞ്ഞുമായി ടാർപാളിൻ ഷീറ്റിനടിയിൽ ദയനീയമായി ജീവിതം കഴിച്ചുകൂട്ടിയ ഷീബയുടെ ദുരിതങ്ങൾക്ക് അറുതിയാകുന്നു. പ്ലാസ്റ്റിക് മേൽക്കൂരയ്‌ക്ക് കീഴിൽ കഴിയുന്ന കുടുംബത്തിന് താങ്ങായി സേവാഭാരതി വീട് നിർമിച്ച് നൽകുന്നു.
കാസർകോട് നീലേശ്വരം പാലായിലാണ് സേവഭാരതി മുൻകയ്യെടുത്ത് ഷീബയ്‌ക്ക് വീടൊരുങ്ങുന്നത്. പുതിയ ഭവനത്തിന്റെ കുറ്റിയടിക്കൽ ചടങ്ങും നടന്നു. സേവാഭാരതി നീലേശ്വരവും, പള്ളിക്കര സ്വദേശിയായ പ്രവാസി മലയാളിയും കൈകോർത്താണ് വീട് നിർമ്മിക്കുന്നത്.
ഷീബയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവിടെ സ്ഥിരമായി പാമ്പിന്റെ ശല്യമുള്ള പ്രദേശമാണ്. രണ്ട് വർഷം മുൻപാണ് ആകെയുണ്ടായിരുന്ന വീട് തകർന്നത്. ഇതോടെയാണ് ഷീബയും കുടുംബവും ടാർപാളിൻ ഷീറ്റിനടിയിലെ വീട്ടിലേക്ക് താമസം മാറ്റിയത്. കുടിവെള്ളത്തിനായി കുഴൽക്കിണർ കുത്തിയിരുന്നെങ്കിലും ആവശ്യത്തിന് വെള്ളം ലഭിച്ചിരുന്നില്ല. ഇതിന്റെ ആഴം കൂട്ടാനും തീരുമാനമായി.
പുതിയ വീടൊരുങ്ങും വരെ ഇവരെ താത്കാലികമായി മറ്റൊരു വീട്ടിലേക്ക് മാറ്റുമെന്നും സേവാഭാരതി അറിയിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മൂത്ത കുട്ടിക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ആറ് മാസത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കാനാണ് ശ്രമം.















