ന്യൂഡൽഹി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ നീണ്ട ധ്യാനത്തിന് ശേഷം ഡൽഹിയിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഏഴ് അവലോകന യോഗങ്ങളിൽ പങ്കെടുക്കും. വീണ്ടും അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കേണ്ട നൂറുദിന കർമ്മ പരിപാടികൾ യോഗത്തിൽ ചർച്ചയാകും. റിമാൽ ചുഴലിക്കാറ്റ്, ഉത്തരേന്ത്യയിലെ ഉഷ്‌ണതരംഗം എന്നീ വിഷയങ്ങളും അവലോകനയോഗത്തിന്റെ അജണ്ടകളായി പരിഗണിക്കുന്നുണ്ട്.
അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കേണ്ട ആദ്യ 100 ദിനത്തിലെ പദ്ധതികളും തീരുമാനങ്ങളും തയ്യാറാക്കുവാൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുൻപ് തന്നെ മോദി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നതായാണ് വിവരം. സർക്കാരിന്റെ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും ആദ്യ നൂറുദിനങ്ങളിൽ എടുക്കണമെന്നും 2029 ലെ തെരഞ്ഞെടുപ്പിന്റെ അവസാന നാളുകൾ വരെ ഇത് നീട്ടികൊണ്ട് പോകരുതെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വികസിത ഭാരതം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ തലപ്പത്ത് കൂടുതൽ നിയമനങ്ങൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇത് സംബന്ധിച്ച തീരുമാനങ്ങൾ പുതിയ മന്ത്രിസഭയുടെ ബജറ്റ് അവതരണത്തിന് ശേഷമായിരിക്കും. ആത്മനിർഭർ ഭാരതിന് കീഴിൽ പ്രതിരോധമേഖലയിലെ സ്വാശ്രയത്വത്തിനും ആഭ്യന്തര ഉത്പാദനത്തിനും ഊന്നൽ നൽകുന്ന പദ്ധതികളിൽ കൂടുതലായി ശ്രദ്ധ നല്കുമെന്നുമുള്ള സൂചനയുണ്ട്.















