നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ നടനാണ് റിയാസ് ഖാൻ. തന്റെ പഴയ ചിത്രത്തിലെ സിനിമാ ഡയലോഗിലൂടെ റിയാസ് ഖാൻ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിലും തരംഗമായിരുന്നു. ഇതിനിടെ താരത്തിന്റെ പുതിയ സിനിമയായ ഡിഎൻഎയിലെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരിടവേളയ്‌ക്ക് ശേഷം ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ പീറ്റർ ജോൺ വിനായകം എന്ന കഥാപാത്രമായാണ് റിയാസ് ഖാനെത്തുന്നത്.
യുവനടനായ അഷ്കർ സൗദാനാണ് നായകനായെത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൾ നാസറാണ് ചിത്രം നിർമിക്കുന്നത്. ഈ മാസം 14-ന് ചിത്രം തിയേറ്ററുകളിലെത്തും. എകെ സന്തോഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇൻവേസ്റ്റിഗേഷൻ ആക്ഷൻ ചിത്രത്തിൽ ബാബു ആന്റണി, റായ് ലക്ഷ്മി, അജു വർഗീസ്, രഞ്ജി പണിക്കർ, സ്വാസിക, ഇടവേള ബാബു, കോട്ടയം നസീർ തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആക്ഷൻ രംഗങ്ങളെ ഉൾപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്.
കന്യാകുമാരി എക്സ്പ്രസ്, പ്രായിക്കര പാപ്പാൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, മാന്യന്മാർ, പാളയം, കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ് തുടങ്ങിയ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകന്റെ പുതിയ ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയിലാണ്.















