ന്യൂഡൽഹി: എക്സിറ്റ് പോൾ സർവേ പുറത്തുവന്നതിന് പിന്നാലെ വോട്ടെണ്ണൽ ദിനത്തിലെ ഒരുക്കങ്ങൾ ചർച്ച ചെയ്ത് കോൺഗ്രസ് സ്ഥാനാർത്ഥികൾ. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്. ബിജെപി അധികാരത്തിലെത്തുമെന്ന സർവേയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളുടെ അടിയന്തര യോഗം.
സിഎൽപി നേതാക്കളും മറ്റ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു. വോട്ടെണ്ണൽ ദിനത്തിലെ ഒരുക്കങ്ങൾ വിലയിരുത്താനാണ് യോഗം ചേർന്നത്. ഭൂരിപക്ഷം നേടി മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ കോൺഗ്രസ് തളളിയിരുന്നു.
എക്സിറ്റ് പോൾ സർവേകളിൽ വ്യത്യാസം ഉണ്ടാകും എന്നാണ് പാർട്ടിയുടെ വാദം. അതേസമയം, എക്സിറ്റ് പോൾ സർവേയെ തള്ളുന്ന പ്രതികരണമായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടേതും. കഴിഞ്ഞ ദിവസം വോട്ടെണ്ണലിന്റെ തയാറെടുപ്പുകൾ അവലോകനം ചെയ്യാൻ ഇൻഡി സഖ്യം യോഗം ചേർന്നിരുന്നു.
എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ സർവേ പറയുന്നത്. 353-368 സീറ്റുകൾ വരെ എൻഡിഎ നേടും. ഇൻഡി മുന്നണി 118-133 സീറ്റുകളും മറ്റുള്ളവയ്‌ക്ക് 43-48 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് റിപ്പോർട്ട്. റിപ്പബ്ലിക് ടിവിയുടെ PMARQ എക്സിറ്റ് പോൾ ഫലങ്ങൾ എൻഡിഎ- 359, ഇൻഡി സംഖ്യം- 154, മറ്റുള്ളവർ – 30 എന്നിങ്ങനെയാണ് പ്രവചിക്കുന്നത്.