തിരുവനന്തപുരം: എൻഡിഎയുടെ കണക്കുകൾ ശരിവയ്‌ക്കുന്നതാണ് എക്സിറ്റ് പോളുകളെന്ന് തുഷാർ വെള്ളാപ്പള്ളി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ ജയിക്കുമെന്നതായിരുന്നു കണക്ക്. വിജയം തീരുമാനിക്കുക ബിഡിജെഎസ് കൂടിയാകുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
‘എൻഡിഎക്ക് കേരളത്തിൽ നാലോളം സീറ്റുകൾ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തുന്നത്. അത് തന്നെയാണ് നേരത്തെ ഉണ്ടായിരുന്ന കാൽക്കുലേഷനും. തെരഞ്ഞെടുപ്പ് റിസൾട്ട് വരുമ്പോൾ 350-ൽ അധികം സീറ്റുകൾ നേടി എൻഡിഎ സഖ്യം രാജ്യത്ത് വിജയിക്കും. എൻഡിഎയുടെ സെൻട്രൽ കമ്മിറ്റി കഴിഞ്ഞ ദിവസം സർവ്വെ നടത്തിയിരുന്നു. അതിൽ പറയുന്നത്, തിരുവനന്തപുരം,കോട്ടയം, പത്തനംതിട്ട,തൃശൂർ ഈ നാല് സീറ്റുകളും കിട്ടുമെന്നാണ് ദേശീയ തലത്തിൽ നിന്നുള്ള സർവേയിൽ പറയുന്നത്.’- തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിൽ എൻഡിഎ മൂന്ന് സീറ്റ് വരെ നേടുമെന്നാണ് വിവിധ എക്സിറ്റ് പോൾ സർവേ പറയുന്നത്. തിരുവനന്തപുരത്ത് ഇത്തവണ രാജീവ് ചന്ദ്രശേഖർ വിജയിക്കാൻ സാധ്യതയുണ്ടെന്ന് എക്സിറ്റ് പോൾ പറയുന്നു. ആറ്റിങ്ങൽ, തൃശൂർ ലോക്സഭ മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥികൾ വിജയിക്കാനാണ് സാധ്യതയെന്നും സർവ്വേകളിൽ പറയുന്നുണ്ട്.