അരുണാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ 46 സീറ്റുകളോടെ കൃത്യമായ മുൻതൂക്കം നേടി ബി.ജെ.പി അധികാരം നിലനിർത്തി.സംസ്ഥാനത്തെ 60 സീറ്റുകളിൽ 10 സീറ്റുകളും ബിജെപി എതിരില്ലാതെ നേടിയതിന്റെ മേൽക്കൈയുമായാണ് പോരാട്ടം തുടങ്ങിയത് തന്നെ. ആ വിജയികളിൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും ഉൾപ്പെട്ടതോടെ വിധി എങ്ങിനെയായിരിക്കും എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ് വോട്ടെണ്ണൽ നേരത്തെ ആക്കിയത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന മറ്റു രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളായ ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവയുടെ വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും.
2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുണാചൽ പ്രദേശിൽ 41 സീറ്റുകളാണ് ബിജെപി നേടിയത്. ജനതാദൾ (യുണൈറ്റഡ്) ഏഴും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) അഞ്ചും കോൺഗ്രസ് നാലും പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (പിപിഎ) ഒന്നും നേടി. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സ്വതന്ത്രരും വിജയിച്ചു. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുണാചൽ പ്രദേശിൽ 82.95 ശതമാനം വോട്ട് രേഖപ്പെടുത്തി. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് 82.17 ശതമാനമായിരുന്നു. അരുണാചൽ പ്രദേശിൽ കോൺഗ്രസ് അപ്പാടെ തകർന്നു പോയിരുന്നു. ഇക്കുറി അവർ മത്സരിച്ചത് കേവലം 19 സീറ്റിൽ മാത്രമാണ്.
അരുണാചൽ പ്രദേശിൽ തുടർച്ചയായ മൂന്നാം തവണയും ബിജെപി സർക്കാർ രൂപീകരിക്കുമ്പോൾ നരേന്ദ്ര മോഡി സർക്കാരിന്റെ വടക്കു കിഴക്കൻ നയങ്ങളുടെ വിജയമാണ് കാണുവാൻ കഴിയുക. കേന്ദ്രസർക്കാർ ജീവനക്കാർക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ കൊടുക്കാൻ വേണ്ടിയുള്ള ഒരു അവികസിത മേഖല എന്നായിരുന്നു ഉദ്യോഗസ്ഥവൃന്ദം പോലും ഇതിനെ വിശേഷിപ്പിച്ചിരുന്നത്.വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് മാത്രമായി മന്ത്രാലയം ആരംഭിച്ചത് വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2001 ലാണ് . എന്നാൽ പിന്നീട് വന്ന സർക്കാരുകൾ ഈ മന്ത്രാലത്തെയും മേഖലയെയും ബോധപൂർവ്വം അവഗണിച്ചു.
തങ്ങളുടെ അധിനിവേശ മോഹങ്ങളുമായി ഇന്ത്യൻ മണ്ണിലേക്ക് കണ്ണു നട്ടിരിക്കുന്ന ചീനയുടെ ഇടപെടൽ അവിടെ പല പ്രശനങ്ങളും ഉണ്ടാക്കി.എന്നാൽ 2014 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതോടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് കേന്ദ്ര സർക്കാരിന്റെ പ്രധാന അജണ്ടയായി മാറി. 2014 ലെ ബിജെപിയുടെ ഇലക്ഷൻ മാനിഫസ്റ്റോയിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനതേത്തെക്കുറിച്ച് വ്യക്തമായ അജണ്ട തന്നെ ഉണ്ടായിരുന്നു. 7 സംസ്ഥാനങ്ങളുടെ ഈ കൂട്ടത്തെ സപ്ത സുന്ദരിമാർ എന്നായിരുന്നു വിളിച്ചിരുന്നത്. വടക്ക് കിഴക്കൻ ഭൂപ്രദേശങ്ങളുടെ അതേ സവിശേഷതയുള്ള സിക്കിമിനെയും കൂട്ടിച്ചേർത്ത് സപ്ത സഹോദരിമാരെ 2014ൽ അഷ്ടലക്ഷ്മിമാർ എന്ന് നരേന്ദ്രമോദി പുനർനാമകരണം ചെയ്തു. പ്രദേശത്തെ റീബ്രാൻഡിംഗ് നടത്തുക എന്ന ലക്ഷ്യത്തോടെ Look East Policy ക്ക് രൂപം നൽകി. തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമായാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മോദി വിഭാവനം ചെയ്തത്.
അത് പിന്നെ വിഖ്യാതമായ ആക്റ്റ് ഈസ്റ്റ് പോളിസി ആയി മാറി.വടക്കുകിഴക്കൻ സംസ്ഥാനങ്ങളും അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് ആക്ട് ഈസ്റ്റ് പോളിസിയുടെ പ്രാഥമിക ലക്ഷ്യം . സാംസ്കാരികവും രാഷ്‌ട്രീയവും തന്ത്രപരവുമായ മാനങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലാണ് നയം വികസിപ്പിച്ചെടുത്തത്. അതിന്റെ പിന്നാലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായി. കോടികൾ മുതൽ മുടക്കുള്ള വിവിധ പദ്ധതികൾ അവിടെ സമയ ബന്ധിതമായി നടപ്പിലാക്കി.പ്രധാനമന്ത്രി പദത്തിലെത്തിയതിന് ശേഷം 60 ലേറെ തവണയാണ് നരേന്ദ്ര മോദി ഇവിടം സന്ദർശിച്ചത് .രണ്ട് ആഴ്ചയിൽ ഒരിക്കൽ ഒരു കേന്ദ്രമന്ത്രി എന്ന കണക്കിന് 800 ലേറെ പ്രാവശ്യം കേന്ദ്ര മന്ത്രിമാർ ഇവിടെയെത്തി. അതാത് മന്ത്രാലയത്തിന്റേ ചുമതല വഹിക്കുന്ന മന്ത്രിമാർ നേരിട്ട് പോയാണ് വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. വാജ്പേയി സർക്കാർ ആരംഭിച്ച വടക്ക് കിഴക്കൻ മന്ത്രാലത്തിന്റെ പ്രവർത്തനം 2014 മുതൽ പുനരുജ്ജീവിപ്പിച്ചു. ഇതോടെ ആ പ്രദേശത്തെ ജനങളുടെ ദേശീയോദ് ഗ്രഥനം സാധ്യമാവുകയായിരുന്നു.മേഖലയിലെ വിമാനത്താവളങ്ങളുടെ എണ്ണം ഒമ്പതിൽ നിന്ന് 16 ആയി ഉയർന്നു, കൂടാതെ 2014-ന് മുമ്പ് 900 ആയിരുന്ന സർവീസുകളുടെ എണ്ണം 1900 ആയി ഉയർന്നു. ചില സംസ്ഥാനങ്ങൾ ആദ്യമായി വ്യോമയാന ഭൂപടത്തിൽ ഇടംനേടിയത് പോലും മോദിയുടെ കാലത്താണ്.
അരുണാചൽ പ്രദേശിലെ 10 ബിജെപി സ്ഥാനാർത്ഥികളുടെ എതിരില്ലാത്ത വിജയം ഏപ്രിൽ 19 ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉടനീളം ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻഡിഎ) മനഃശാസ്ത്രപരമായ മുൻതൂക്കം നൽകിയിരുന്നു.വടക്കുകിഴക്കൻ മേഖലയിൽ ആകെ 25 സീറ്റുകളാണുള്ളത്, അതിൽ 14 എണ്ണം അസമിലാണ്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ രണ്ട് സീറ്റുകൾ വീതവും നാഗാലാൻഡ്, മിസോറാം, സിക്കിം എന്നിവിടങ്ങളിൽ ഓരോ സീറ്റുകളുമാണുള്ളത്.2019 ൽ വടക്കുകിഴക്കൻ മേഖലയിലെ 25 പാർലമെൻ്റ് മണ്ഡലങ്ങളിൽ 19 എണ്ണവും എൻഡിഎ നേടി.
അരുണാചൽ ഈസ്റ്റ്, അരുണാചൽ വെസ്റ്റ് പാർലമെൻ്റ് സീറ്റുകളിൽ മത്സരിക്കേണ്ടതില്ലെന്ന് കോൺറാഡ് സാംഗ്മയുടെ എൻപിപി തീരുമാനിച്ചു, എന്നാൽമുൻ കാലങ്ങളിലെപോലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ചു. മേഘാലയയിലെ ഷില്ലോങ്ങിലും തുറയിലും രണ്ട് ലോക്‌സഭാ സീറ്റുകളിൽ എൻപിപിയെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചാണ് ബിജെപി അനുകൂല നിലപാട് സ്വീകരിച്ചത്.മിസോറാമിലും സിക്കിമിലും യഥാക്രമം മിസോ നാഷണൽ ഫ്രണ്ടിനും ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയ്‌ക്കും (എസ്‌കെഎം) എതിരെയാണ് ബിജെപി മത്സരിക്കുന്നത്. എൻഡിഎ 22 ലോക്‌സഭാ സീറ്റുകൾ ഈ മേഖലയിൽ നേടുമെന്ന് ഹിമന്ത ബിശ്വ ശർമ്മ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
സിക്കിമിലെ 32 നിയമസഭാ സീറ്റുകളിലേക്ക് 147 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. എസ്‌കെഎമ്മും പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും 32 വീതവും ബിജെപി 31 ഉം കോൺഗ്രസ് 15 ഉം സീറ്റിലാണ് മത്സരിച്ചത്.2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്‌കെഎം 17 സീറ്റുകൾ നേടിയപ്പോൾ എസ്ഡിഎഫ് 15 സീറ്റുകൾ നേടി. സംസ്ഥാനത്ത് എസ്‌കെഎം വീണ്ടും അധികാരത്തിലെത്തുമെന്നുറപ്പായിട്ടുണ്ട്. 2019 വരെ 25 വർഷം തുടർച്ചയായി സംസ്ഥാനം ഭരിച്ച സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) ഇക്കുറി ഒരു സീറ്റ് മാത്രമാണ് നേടിയത് . എസ് ഡി എഫ് പ്രസിഡൻ്റും മുൻ മുഖ്യമന്ത്രിയുമായ പവൻ കുമാർ ചാംലിംഗ് മത്സരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു.ഇവിടെയും വോട്ട് ഷെയർ നോക്കിയാൽ ബിജെപി മികച്ച നേട്ടം കൈവരിച്ചു.