തൃശൂർ: കെഎസ്ആർടിസി ബസിൽ പ്രസവവേദനയോട് മല്ലിടുമ്പോൾ ആ അമ്മയുടെ മനസിൽ പലതും കടന്നു പോയിരിക്കാം. ആരെങ്കിലും തന്നെയും കുഞ്ഞിനെയും ഒരു ആശുപത്രിയിൽ എത്തിക്കാൻ ഉണ്ടായിരിക്കുമോ? ചികിത്സ ലഭിക്കുമോ? അങ്ങനെ പലതും മിന്നിമറഞ്ഞിരിക്കാം. ബസിൽ പ്രസവിച്ച യുവതിയുമായി കെഎസ്ആർടിസി ബസ് അമല ആശുപത്രിക്ക് മുന്നിൽ പാഞ്ഞുവന്ന് നിന്നപ്പോൾ ഡോക്ടർമാരും ആദ്യം ഒന്ന് ഭയന്നു. എന്നാൽ എല്ലാവരുടെയും സംശയങ്ങൾക്കും, വേദനകൾക്കും, പരിഭ്രമങ്ങൾക്കും അവസാനമായിരിക്കുന്നു.
ബസിൽ പിറന്ന കുഞ്ഞുമായി അമ്മ സ്വന്തം വീട്ടിലേക്ക് മടങ്ങി. കുഞ്ഞിനെ മാറോടണച്ച് തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴും ആശുപത്രി അധികൃതരോടുള്ള നന്ദിയും കടപ്പാടും ആ അമ്മയുടെ കണ്ണുകളിലുണ്ടായിരുന്നു. നന്ദി സൂചകമായി കുഞ്ഞിന് അവർ പേരിട്ടു. അമല! തന്റെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച അമല ആശുപത്രിയുടെ പേര് തന്നെ കുഞ്ഞിന് നൽകണമെന്ന് അമ്മയ്‌ക്ക് നിർബന്ധമുണ്ടായിരുന്നു. കെഎസ്ആർടിസി ബസ് ജീവനക്കാർക്കും ആ അമ്മയും കുടുംബവും നന്ദി അറിയിച്ചു.
കുഞ്ഞ് അമലയ്‌ക്ക് ഒരുപാട് സമ്മാനങ്ങളും കുഞ്ഞുടുപ്പുകളും നൽകിയാണ് ആശുപത്രി അധികൃതരും അവളെ വീട്ടിലേക്ക് വിട്ടത്. പ്രസവത്തിന് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും തുടർ ചികിത്സകൾ അമല ആശുപത്രി സൗജന്യമാക്കിയിരുന്നു. അമ്മയുടെ കൈകളിൽ ഒന്നും അറിയാതെ സുഖമായി ഉറങ്ങുമ്പോഴും കുഞ്ഞു അമലയ്‌ക്കും അറിയാൻ ഇനി ഒരുപാട് കഥകളുണ്ട്.















