ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരായ ആരോപണങ്ങളിൽ കോൺഗ്രസ് നേതാവ് ജയറാം രമേശിൽ നിന്നും വസ്തുതാപരമായ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണലിന് ദിവസങ്ങൾ ശേഷിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ 150 ഓളം ജില്ലാ മജിസ്‌ട്രേറ്റുകളെ വിളിച്ചതായും ഇവരെ സ്വാധീനിക്കാൻ ശ്രമിച്ചതായുമുള്ള ആരോപണങ്ങൾ ജയറാം രമേശ് സാമൂഹ്യ മാദ്ധ്യമമായ എക്‌സിലൂടെ ആരോപിച്ചിരുന്നു. ഇന്ന് വൈകീട്ടോടെ ആരോപങ്ങളിൽ വ്യക്തമായ വിശദീകരണം നൽകണമെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.
ഓരോ റിട്ടേർണിംഗ് ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുള്ള വളരെ സൂഷ്മമായ പ്രക്രിയയാണ് വോട്ടെണ്ണൽ. അതിനെ സംബന്ധിച്ചുള്ള ഇത്തരം പരസ്യ പ്രസ്താവനകൾ ഒരു ഉത്തരവാദിത്വമുള്ള, മുതിർന്ന ഒരു നേതാവ് പറയുമ്പോൾ അത് സംശയരൂപീകരണത്തിനു വഴിവെക്കുമെന്നും അതിനാൽ ഇതിന്റെ വാസ്തവം കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കേണ്ടതുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തിൽ വ്യക്തമാക്കുന്നു.
ഇതുവരെ തങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി ഒരു ജില്ലാ മജിസ്‌ട്രേറ്റും വന്നിട്ടില്ല. അതിനാൽ ജയറാം രമേശിന്റെ പ്രസ്താവനയിൽ പറയുന്നതുപ്രകാരം അമിത് ഷാ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പറയപ്പെടുന്ന 150 മജിസ്‌ട്രേറ്റുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും കത്തിൽ പറയുന്നു. ഇന്നലെയാണ് ജയറാം രമേശ് എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെ ബിജെപിക്ക് എതിരായ ആരോപണങ്ങൾ ഉന്നയിച്ചത്.