എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ കസ്റ്റംസിന്റെ പിടിയിൽ. പാലക്കാട് സ്വദേശി മുഹമ്മദ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ഒന്നര കിലോ സ്വർണം ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഗുളിക രൂപത്തിൽ രണ്ട് പായ്ക്കറ്റുകൾ വീതം നാല് പായ്ക്കറ്റുകളാണ് ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ക്വാലാലംപൂരിൽ നിന്നാണ് എത്തിയത്. ഇയാളുടെ പക്കൽ നിന്ന് 535 ഗ്രാം സ്വർണമാണ് പിടികൂടിയത്.
953 ഗ്രാം സ്വർണവുമായാണ് ഷാർജയിൽ നിന്ന് പാലക്കാട് സ്വദേശി മുഹമ്മദ് എത്തിയത്. രണ്ട് പേരെയും വിശമായി ചോദ്യം ചെയ്ത് വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.