ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ മൂന്നാം തവണയും ബിജെപിക്ക് അധികാരം നൽകിയ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പേമ ഖണ്ഡു. സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾ തൃപ്തരാണെന്നതിന്റെ തെളിവാണിതെന്നും ചരിത്ര ദിനമാണിതെന്നും പേമ ഖണ്ഡു പറഞ്ഞു. വോട്ട് ചെയ്ത എല്ലാ ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” അരുണാചൽ പ്രദേശിന് ഇന്ന് ചരിത്ര ദിവസമാണ്. സംസ്ഥാനത്തെ ജനങ്ങൾ വീണ്ടും ബിജെപിയിൽ വിശ്വാസമർപ്പിച്ചിരിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണിത്. ബിജെപിക്ക് കീഴിൽ നടന്ന വികസന പ്രവർത്തനങ്ങൾ വീണ്ടും ആവർത്തിക്കാനാണ് ജനങ്ങൾ വോട്ട് നൽകിയത്. അവരുടെ വിശ്വാസം ഞങ്ങൾ സംരക്ഷിക്കും. വോട്ട് നൽകിയ എല്ലാ ജനങ്ങൾക്കും നന്ദി.”- പേമ ഖണ്ഡു പറഞ്ഞു.
ജൂൺ നാലിന് ഫലം പ്രഖ്യാപിക്കുമ്പോൾ ബിജെപി തന്നെ അധികാരത്തിലേറുമെന്നും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി തുടരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 60 അംഗ മന്ത്രി സഭയിൽ 46 സീറ്റുകൾ നേടിയാണ് ബിജെപി ഭൂരിപക്ഷം നിലനിർത്തിയത്. 10 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോൺഗ്രസ് കേവലം ഒരു സീറ്റിൽ ഒതുങ്ങി. നാഷണൽ പീപ്പിൾ പാർട്ടി 5 സീറ്റുകളും, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 3 സീറ്റുകളും, പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ 2 സീറ്റുകളുമാണ് നേടിയത്.