കൊച്ചി: സപ്ലൈക്കോയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായത് മുന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി. ഏഴ് കോടി രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കേസില്‍ റിമാന്‍ഡിലുള്ള കൊച്ചി എളംകുളം സ്വദേശിയായ സതീഷ് ചന്ദ്രന്‍ മൂന്ന് മാസത്തോളം മന്ത്രി തിലോത്തമന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നു.
സപ്ലൈകോയുടെ ഹ്യൂമന്‍ റിസോഴ്സ് വിഭാഗം അസിസ്റ്റന്റ് മാനേജരായി വിരമിച്ച വ്യക്തിയാണ് അറസ്റ്റിലായ സതീഷ് ചന്ദ്രന്‍. മൂന്ന് ഉത്തരേന്ത്യന്‍ കമ്പനികള്‍ക്ക് സപ്ലൈകോയുടെ വ്യാജ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി ചോളം വാങ്ങി മറിച്ചുവിറ്റ് ഏഴുകോടി രൂപയിലധികമാണ് സതീഷ് ചന്ദ്രന്‍ തട്ടിയെടുത്തത്. വ്യാജ ലെറ്റർ ഹെഡിൽ പർച്ചേഴ്സ് ഓർഡർ തയ്യാറാക്കി സപ്ലൈകോയുടെ ജിഎസ്ടി നമ്പറും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
2016-ലാണ് സതീഷ് ചന്ദ്രൻ മന്ത്രി തിലോത്തമന്റെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായത്. ഇതിനിടെ ഇയാളുടേത് വ്യാജ ബിരുദമായിരുന്നുവെന്നും സപ്ലൈകോയില്‍ ജോലി നേടിയത് അനധികൃതമായിട്ടാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത് ഉൾപ്പടെ നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സതീഷ് ചന്ദ്രനെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയത്.
ഇയാൾ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയിട്ടുണ്ട്. കൊച്ചി മെട്രോയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലിവാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മലപ്പുറം സ്വദേശിയില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തു. ദേവസ്വം ബോർഡ് കോളേജ്, സിവിൽ സപ്ലൈസ്, കാംകോ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയാണ് ഇയാൾ.















