മുംബൈ: നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന്റെ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി. സെൻസെക്സിൽ ലിസ്റ്റ് ചെയ്ത 30 കമ്പനികൾ ആദ്യ മണിക്കൂറിൽ തന്നെ 2500 പോയിന്റിന്റെ ഉയർച്ച രേഖപ്പെടുത്തി.
സമാനമായി നിഫ്റ്റിയും നേട്ടത്തിന്റെ മണിക്കൂറിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ നാല് വർഷത്തിൽ ആദ്യമായാണ് വിപണി പ്രവർത്തനം ആരംഭിച്ച ആദ്യ മണിക്കൂറിൽ നിഫ്റ്റി ഇത്രയും നേട്ടമുണ്ടാക്കുന്നത്.
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൻ്റേയും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൻ്റേയും സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും കുതിപ്പ് തുടരുകയാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയോടൊപ്പം നിഫ്റ്റിയിലെ എല്ലാ ഓഹരികളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.















