ഉപഗ്രഹ വിക്ഷേപണത്തിന് തയ്യാറെടുത്ത് ബഹിരാകാശ മേഖലയിലെ ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ്. അഗ്നിബാൻ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണ വിജയകരമായതിന് പിന്നാലെയാണ് സ്റ്റാർട്ടപ്പ് സഹസ്ഥാപകനും സിഇഒയുമായ ശ്രീനാഥ് രവിചന്ദ്രൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു വർഷത്തിനുള്ളിലോ അല്ലെങ്കിൽ ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലോ വരുന്ന സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിലോ വിക്ഷേപണമുണ്ടാകും. അഗ്നിബാനിന്റെ ലിഫ്റ്റ് ഓഫിന് ശേഷം ഏഴ് സെക്കൻഡ് അതിനെ നിരീക്ഷിച്ചെന്നും തുടർന്നായിരുന്നു വിക്ഷേപണമെന്നും അദ്ദേഹം പറഞ്ഞു. കടലിന് മുകളിലൂടെ അതിന്റെ പാത പിന്തുടർന്ന് മുന്നോട്ട് നീങ്ങി. ഓർബിറ്റൽ റോക്കറ്റിൽ ഒന്നിലധികം എഞ്ചിനുകൾ ഒന്നിച്ച് പ്രവർത്തിപ്പിക്കേണ്ടതുണ്ടെന്നും അതിന്റെ പരീക്ഷണം ഉടൻ നടത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സിംഗിൾ സ്റ്റേജ് റോക്കറ്റാണ് അഗ്നിബാൻ. എന്നാൽ ഉപഗ്രഹ വിക്ഷേപണത്തിന് വാഹനത്തിന് രണ്ട് സ്റ്റേജുകളുണ്ട്. അതിനാൽ അഗ്നിബാനിൽ സ്റ്റേജ് സെപ്പറേഷനും പരീക്ഷിക്കേണ്ടതകുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിക്ഷേപണത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ ആദ്യമായി സെമി ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ച റോക്കറ്റ് കൂടിയാണ് അഗ്നികുൽ കോസ്മോസ്. ഇതിന് പുറമേ ലോകത്തിലെ ആദ്യത്തെ സിംഗിൾ യൂണിറ്റ് 3ഡി പ്രിന്റ് ചെയ്ത എഞ്ചിനാണ് ഉപയോഗിച്ചിട്ടുണ്ട്. സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിൻ നിർമിക്കാൻ അഗ്നികുൽ കോസ്മോസ്, അഡിറ്റീവ് മാനുഫാക്ചറിംഗ് എന്ന 3ഡി പ്രിന്റിംഗ് വകഭേദമാണ് ഉപയോഗിച്ചത്.















