പാലക്കാട്: പാലക്കാട് സുൽത്താൻപേട്ട ഗവ: എൽ പി സ്കൂളിലെ പ്രവേശനോത്സവത്തിൽ മിഠായികളും ബലൂണുകളുമല്ല കുട്ടികളെ വരവേറ്റത്. പാട്ടും കഥകളുമൊക്കെയായി കുട്ടിക്കൂട്ടത്തിന് കൗതുകമായി മാറിയത് റൂബി റോബോട്ടാണ്. ഗൂഗിൾ അലെക്സയുടെ സഹായത്തോടെയാണ് റോബോട്ട് കുട്ടികളുമായി സംവദിച്ചത്
നൽകുന്ന നിർദ്ദേശത്തിനനുസരിച്ച് കുട്ടികവിതകളും കഥകളുമൊക്കെ റൂബി കുട്ടികളുമായി പങ്കുവച്ചു. മഴവില്ലിന്റെ നിറങ്ങളും പാട്ടുകളുമൊക്കെ പാടാൻ നിർദ്ദേശിക്കുമ്പോൾ കൃത്യതയോടെ മറുപടി നൽകി കുട്ടികളെ അമ്പരപ്പിക്കുകയാണ് റൂബി. ആദ്യമായെത്തിയ കുരുന്നുകൾക്ക് വിദ്യാലയത്തിലെ മറ്റുകുട്ടികൾ ചേർന്ന് റൂബിയെ പരിചയപ്പെടുത്തി. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാൻ റൂബി റോബോട്ട് കുട്ടികളെ സഹായിക്കും. കുട്ടികളുടെ പഠനാന്തരീക്ഷം കൂടുതൽ രസകരമാക്കാനുള്ള അധ്യാപകരുടെ ഈ നീക്കത്തെ കുട്ടികളും രക്ഷിതാക്കളും വളരെയധികം സന്തോഷത്തോടെയാണ് സ്വീകരിച്ചത്.















