മറവി സംഭവിക്കുന്നതൊക്കെ സ്വാഭാവികമാണ്. എപ്പോഴും കൺവെട്ടത്തുളള സാധനങ്ങൾ കാണാതെയിരിക്കുക. അത് അന്വേഷിച്ചു ഏറെ നേരം അലയുക അങ്ങനെ പെട്ടന്നുളള മറവി നമ്മളെ ഏറെ ബുദ്ധിമുട്ടിക്കാറുണ്ട്. ഒരു സാധനം വച്ചാൽ അത് വച്ചയിടത്ത് കാണില്ലെന്നും പറഞ്ഞ് വീടിന് ചുറ്റും ഓടുന്നവരെ നമ്മൾ ഇടയ്ക്ക് കാണാറുണ്ട്. ചിലപ്പോൾ വലിയ നിരാശയും ദേഷ്യവുമൊക്കെയാകും ഇത് സമ്മാനിക്കുക. പിന്നെ ഒരു ദിവസം തന്നെ പോയികിട്ടും.
കൺവെട്ടത്തുണ്ടായാൽ പോര കാണണം
ചിലപ്പോൾ നന്നായി കാണുന്ന വിധത്തിൽ മുന്നിലിരിക്കുന്ന വസ്തുവിന് വേണ്ടിയാകും നാം നാല് ദിക്കിലും തിരയുന്നത്. ദേഷ്യത്തിനിടയിൽ മുൻപിലേക്ക് ദൃഷ്ടി പതിഞ്ഞെന്ന് വരില്ല. ഈ സാഹചര്യത്തിൽ ഏകാഗ്രതയും ക്ഷമയുമാണ് വേണ്ടത്. ആദ്യം എന്താണ് നഷ്ടപ്പെട്ടതെന്ന് തിരിച്ചറിയുക, മുറവിളി കൂട്ടാതെ സാവധാനത്തിൽ തിരക്കിയാൽ തീർച്ചയായും അത് കണ്ടെത്താനാകും.
ജീവിതം താളം തെറ്റുന്നതിന്റെ സൂചനയാണ് ഈ കുഞ്ഞു കുഞ്ഞു മറവികളും ദേഷ്യപ്രകടനങ്ങളും. നമ്മൾ വിചാരിക്കുന്നത് പോലെ ജീവിതം എപ്പോഴും സഞ്ചരിക്കണമെന്നില്ല. അപ്രതീക്ഷിതമായ സംഭവങ്ങൾ ജീവിതത്തിൽ തുടരെ തുടരെ സംഭവിച്ചു കൊണ്ടേയിരിക്കും. ഇവയെ എങ്ങനെ അതിജീവിക്കാമെന്നാണ് നാം പഠിക്കേണ്ടത്. ഇക്കാര്യങ്ങളിൽ അൽപം ശ്രദ്ധ പുലർത്തിയാൽ ഒരു പരിധി വരെ പ്രശ്നങ്ങൾക്ക് അറുതി വരുത്താം..
മാനസിക സമ്മർദ്ദം
കുടുംബം, ജോലി, സാമ്പത്തികം തുടങ്ങി നിരവധി ഘടകങ്ങളാണ് നമ്മുടെ സമ്മർദ്ദം കൂട്ടുന്നത്. ഇവ താങ്ങാനാകാതെ കൺട്രോൾ പോകുന്ന അവസ്ഥ വരെയുണ്ടാകാം. ഇത് ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ഇതിന്റെ ഫലമായി പല രോഗങ്ങളും മറവിയുമൊക്കെ ജീവിതത്തിലേക്ക് കടന്നുവരും. ഈ അവസ്ഥയിൽ ദേഷ്യവും സങ്കടവുമൊക്കെ വളരെ പെട്ടെന്ന് എത്തുന്നു. ഇതും ജീവിതത്തെ പ്രതികൂലമായി ബാധിക്കും.
പ്രവൃത്തിമേഖലയിലെ വെല്ലുവിളികൾ
ജോലി കഴിഞ്ഞും ജോലിഭാരവും പേറിയാണ് ഓരോരുത്തരുടെയും ജീവിതം. ജോലി സ്ഥലത്തും പുറത്തും ചെയ്യേണ്ട കാര്യങ്ങളെകുറിച്ച് സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നവർക്കും മനസ് കൈവിടാൻ സാധ്യതയുണ്ട്. ഇത്തരക്കാർ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ ഏറെ വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
പതിവായി വ്യായമം ചെയ്യുന്നതും നന്നായി ഉറങ്ങുന്നതും മനസിനെ ശാന്തമാക്കും. ഭക്ഷണരീതികളും ചിന്തയും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതും മനസിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യാനും പോസറ്റീവ് ആയി ചിന്തിക്കേണ്ടതും പ്രധാനമാണ്.