അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുംബൈയിലെ അപ്പാർട്ട്മെൻ്റിലേക്ക് താമസം മാറി കേരളാ സ്റ്റോറി നായിക ആദാ ശർമ്മ. താരം തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. സുശാന്ത് മരണപ്പെട്ടത് ഈ ഫ്ലാറ്റിൽ വച്ചാണ്. നാല് മാസം മുമ്പാണ് ബാന്ദ്രയിലെ മോണ്ട് ബ്ലാങ്ക് അപ്പാർട്ട്‌മെൻ്റിലേക്ക് താൻ താമസം മാറിയതെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആദ വെളിപ്പെടുത്തി. ഇവിടെയായിരിക്കും താൻ ഇനി സ്ഥിരമായി താമസപ്പിക്കുന്നതെന്നും താരം പറഞ്ഞു.
സുശാന്തിന്റെ ഫ്ലാറ്റിലേക്ക് താമസം മാറുന്നതിനെ ചിലർ നിരുത്സാഹപ്പെടുത്തിയെങ്കിലും ആദാ ശർമ്മ തീരുമാനത്തിൽ അടിയുറച്ച് നിൽക്കുകയായിരുന്നു. ഇക്കാര്യത്തെപ്പറ്റി താരം പറയുന്നതിങ്ങനെ, “ഞാൻ ഇത്രയും കാലം പാലി ഹില്ലിലെ(ബാന്ദ്ര) വീട്ടിലാണ് താമസിച്ചിരുന്നത്. ഇതാദ്യമായാണ് ഞാൻ അവിടെ നിന്നും മാറി താമസിക്കുന്നത്. ഞാൻ വളരെ സെൻസിറ്റീവാണ്. ഈ സ്ഥലം എനിക്ക് പോസിറ്റീവ് എനർജി നൽകുന്നു. കേരളത്തിലെയും മുംബൈയിലെയും ഞങ്ങളുടെ വീടുകൾ മരങ്ങളാൽ ചുറ്റപ്പെട്ടതാണ്. പക്ഷികൾക്കും അണ്ണാനും ഞങ്ങൾ ഭക്ഷണം നൽകിയിരുന്നു. ആ ശീലം തുടരാൻ കഴിയുന്ന വിശാലമായ സ്ഥലമുള്ള മനോഹരമായ ഒരു വീടാണ് ഞാൻ ആഗ്രഹിച്ചത്”.
2020 ജൂൺ 14 നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന് 34 വയസായിരുന്നു. നടന്റെ വസ്തു വാങ്ങാൻ ആദാ ശർമ്മ താൽപ്പര്യം പ്രകടിപ്പിച്ചതായി 2023 ഓഗസ്റ്റിൽ റിപ്പോർട്ടുകൾ വന്നിരുന്നു. 3,600 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഡ്യൂപ്ലെക്‌സ് അപ്പാർട്ട്‌മെൻ്റിൽ വലിയ ഹാളും മൂന്ന് കിടപ്പുമുറികളും ഉൾപ്പെടെ വിശാലമായ ഇൻ്റീരിയറുകൾ ഉണ്ട്.















