മുംബൈ: മഹാരാഷ്‌ട്രയിലെ ഐഎഎസ് ദമ്പതികളുടെ മകൾ ഫ്ളാറ്റ് സമുച്ചയത്തിന്റെ പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. 27-കാരിയായ അഭിഭാഷക വിദ്യാർത്ഥി ലിപി റസ്തോഗി ആണ് മരിച്ചത്. ദക്ഷിണ മുംബൈയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പഠനത്തിലെ ഉത്കണ്ഠ താങ്ങാതെയാണ് യുവതി ജീവനാടുക്കിയതെന്നാണ് വിവരം. പ്രകടനം മോശമായാൽ മാതാപിതാക്കളുടെ മുന്നിൽ എങ്ങനെ നിൽക്കാനാവും എന്ന് ചിന്തിച്ച് യുവതി കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്നു എന്നാണ് സൂചന. ഹരിയാനയിലെ സോനിപത്തിലെ എൽ.എൽ.ബി വിദ്യാർത്ഥിയായിരുന്നു.
സ്റ്റേറ്റ് സെക്രട്ടേറിയറ്റിന് സമീപത്തുള്ള കെട്ടിടത്തിൽ നിന്നാണ് ചാടിയത്. ലക്സ് ബ്രാൻഡിന്റെ മുൻ മാർക്കറ്റിംഗ് പ്രൊഫഷണലായിരുന്നു ലിപി. കണ്ടൻ്റ് റൈറ്ററായും ബ്യൂട്ടി കൺസൾട്ടൻ്റായും ജോലി ചെയ്തിരുന്നു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ലിപിയുടെ പിതാവ് വികാസ് മഹാരാഷ്‌ട്രയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. മാതവ് രാധിക ആഭ്യന്തര വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും. 2017 ൽ മറ്റാരു ഐഎഎസ് ദമ്പതികളുടെ 18-കാരനായ മകൻ സമാനമായ രീതിയിൽ ജീവനൊടുക്കിയിരുന്നു.















