മുംബൈ: പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവ എഞ്ചിനിയർക്ക് ജീവപര്യന്തം തടവ്. ബ്രഹ്മോസ് എയ്‌റോസ്‌പേസിലെ മുൻ എഞ്ചിനീയറായ നിശാന്ത് അഗർവാളിനെയാണ് നാഗ്പൂർ കോടതി ശിക്ഷിച്ചത്.
ബ്രഹ്മോസ് മിസൈലിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയെന്ന കുറ്റത്തിന് 2018ലാണ് നിശാന്ത് അഗർവാൾ അറസ്റ്റിലായത്. ഡിആർഡിഒയുടെയും റഷ്യൻ ഏജൻസിയുടേയും സംയുക്ത സംരംഭമായ സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. ഇതിലെ സീനിയർ സിസ്റ്റം എഞ്ചിനീയറായാണ് നിശാന്ത് അഗർവാൾ പ്രവർത്തിച്ചിരുന്നത്.
നേഹ ശർമ്മ, പൂജ രഞ്ജൻ എന്നീ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഐഎസ്ഐ പ്രതിയെ ബന്ധപ്പെട്ടിരുന്നത് . ഇസ്ലാമാബാദ് കേന്ദ്രീകരിച്ചുള്ള ഈ അക്കൗണ്ടുകൾ പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടേതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഡിആർഡിഒ യുവശാസ്ത്രജ്ഞ അവാർഡ് ജേതാവ് കൂടിയാണ് നിശാന്ത്.
ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ, ഔദ്യോഗിക രഹസ്യ നിയമത്തിലെ (ഒഎസ്എ) വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമേ
3000 രൂപ പിഴയും പ്രതിക്ക് വിധിച്ചതായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജ്യോതി വജാനി പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്
നിശാന്ത് അഗർവാളിന് ജാമ്യം അനുവദിച്ചിരുന്നു.















