ബെംഗളൂരു: പലസ്തീൻ അനൂകൂല മുദ്രാവാക്യം മുഴക്കിയ 14 പേരെ ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്രേസർ ടൗണിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ‘ബെംഗളൂരു വിത്ത് ഗാസ’ എന്ന പേരിലാണ് വിദ്യാർത്ഥികളും അഭിഭാഷകരും അടങ്ങുന്ന സംഘം ഒത്തുചേർന്നത്. ഇവർ പ്രദേശത്തെ മസ്ജിദിന് സമീപം ലഘുലേഖകൾ വിതരണം ചെയ്യുകയും സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെയാണ് പൊലീസ് ഇടപെട്ടത്.
പൊലീസിന്റെ നിർദ്ദേശ പ്രകാരം ഭൂരിഭാഗം ആളുകളും സ്ഥലം വിട്ടപ്പോൾ പോലീസുമായി തർക്കം തുടർന്ന 14 പേരെയാണ് കസ്റ്റഡിയിലെടുത്തത്. പൊതുശല്യം സൃഷ്ടിച്ചതിനും ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് പുലികേശിനഗർ പോലീസ് ഇൻസ്‌പെക്ടർ ഗോവിന്ദരാജ് പറഞ്ഞു.
ബലംപ്രയോഗിച്ച പ്രതിഷേധക്കാരെ ഏറെ പണിപ്പെട്ടാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. സ്റ്റേഷനിലെത്തിച്ച പ്രതിഷേധക്കാരെ അഞ്ച് മണിക്കൂറിന് ശേഷം വിട്ടയച്ചു.















