ന്യൂഡൽഹി: വെന്തുരുകി ഉത്തരേന്ത്യ. കടുത്ത ഉഷ്ണ തരംഗത്തിൽ ഒഡീഷയിലെ മാത്രം മരണ സംഖ്യ 99 ആയി. ബൊലാംഗിർ, സംബൽപൂർ, ജാർസുഗുഡ, കിയോഞ്ജർ, സോനെപൂർ, സുന്ദർഗഡ്, ബാലസോർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമിത ചൂടായതിനാൽ ജനങ്ങൾ പുറത്ത് ഇറങ്ങരുതെന്നടക്കമുള്ള നിർദ്ദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്.
കനത്ത ചൂടിൽ ഡൽഹിയും വലഞ്ഞിരിക്കുകയാണ്. ഡൽഹിയിൽ ജല നിയന്ത്രണം കർശനമാക്കി. സർക്കാർ. വെള്ള ടാങ്കറുകളെ ഏകോപ്പിക്കാൻ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിൽ ഡൽഹിയിലെ മുങ്കേഷ്‌പൂർ പ്രദേശത്ത് 52.3 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഇത് നഗരത്തിലെ എക്കാലത്തെയും ഉയർന്ന താപനിലയാണ്.
കഴിഞ്ഞ 120 വർഷത്തിനിടയിലെ ഏറ്റവും വലിയ ചൂടും വരൾച്ചയുമാണ് മിക്കയിടത്തും അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം വർദ്ധിക്കുമെന്നാണ് പ്രവചനം.
പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം യോഗം വിളിച്ചു ചേർത്തിരുന്നു. യോഗത്തിൽ, ആശുപത്രികളിലും പൊതു ഇടങ്ങളിലും ഫയര്‍ ഓഡിറ്റും ഇലക്ട്രിക്കല്‍ സേഫ്റ്റി ഓഡിറ്റും നടത്താന്‍ പ്രധാനമന്ത്രി നിർദ്ദേശം നൽകി. അഗ്‌നി ബാധ കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നിരന്തര പരിശോധനകള്‍ നടത്തണമെന്നും കാട്ടുതീ തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു. റെമാല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള സ്ഥിതിഗതികളും അദ്ദേഹം യോഗത്തില്‍ വിലയിരുത്തി.















