തിരുവനന്തപുരം: മോദി സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. എല്ലാ എക്സിറ്റ് പോളുകളും ഈ വിജയം പ്രവചിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റം ബിജെപിക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു.
ജനങ്ങൾ വികസനം ആഗ്രഹിക്കുന്നു എന്നതാണ് ഇതിൽ നിന്നുള്ള സൂചന. നുണയുടേയും പ്രീണനത്തിൻ്റേയും രാഷ്‌ട്രീയം പൊള്ളയാണെന്ന് ജനങ്ങൾക്ക് അറിയാം. തിരുവനന്തപുരത്ത് 65 ദിവസം നീണ്ട തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ പൊതുജനങ്ങളുടെ പ്രശ്നങ്ങൾ അറിയാൻ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദി സർക്കാർ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞു.
നാളെത്തെ ജനവിധിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ജനവിധി എന്തായാലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്നാലാവും വിധം ഇടപെടുമെന്ന ഉറപ്പ് വീണ്ടും നൽകുന്നു. നിങ്ങളേവരുടേയും സ്നേഹവും പ്രാർത്ഥനയും ഇനിയുള്ള പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.