ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ മഴ. നഗരത്തിൽ 133 വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും ശക്തമായ മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ബെംഗളൂരുവിൽ ജൂൺ അഞ്ച് വരെ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരുവിലെ റോഡുകൾ വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി വീടുകൾ പൂർണമായും ഭാഗീകമായും തകർന്നു. റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
ബെംഗളൂരുവിൽ ഇന്നലെ 111.1 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 133 വർഷങ്ങൾക്ക് മുമ്പ് 1891-നായിരുന്നു 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചിരുന്നത്. അന്ന് 101.6 ആയിരുന്നു മഴയുടെ തോത്. ആ റെക്കോർഡാണ് തകർത്തത്.
വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അപകടമേഖലകളിൽ താമസിക്കുന്നവർ മാറി താമസിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.