ഇസ്ലാമാബാദ്: രാഷ്‌ട്രരഹസ്യങ്ങൾ ചോർത്തിയ (സൈഫർ) കേസിൽ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കുറ്റവിമുക്തനാക്കി ഇസ്ലാബാദ് ഹൈക്കോടതി. പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് പാർട്ടി അദ്ധ്യക്ഷൻ ഇമ്രാൻ ഖാനെയും മുൻ വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയേയുമാണ് സൈഫർ കേസിൽ കുറ്റവിമുക്തരാക്കിയത്.
സൈഫർ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് ആമീർ ഫറൂഖ്, ജസ്റ്റിസ് മിയാംഗൂൽ ഹസ്സൻ ഔറംഗസേബ് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രധാനമന്ത്രി പദം നഷ്ടപ്പെടാതിരിക്കാൻ ഇമ്രാൻ ഖാൻ രാഷ്‌ട്രരഹസ്യങ്ങൾ ചോർത്തിയെന്നതാണ് സൈഫർ കേസ്. ഇമ്രാന്റെ ഭരണകാലയളവിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഇമ്രാനെ തെറിപ്പിക്കാൻ അമേരിക്ക ഗൂഢാലോചന നടത്തിയെന്ന വാദത്തിന് ആധാരമായി പുറത്തുവന്ന നയതന്ത്രരേഖയുമായി ബന്ധപ്പെട്ട കേസാണിത്. സൈഫർ എന്ന് വിശേഷിപ്പിക്കുന്നത് കോഡ് ഭാഷയിൽ എഴുതിയ വിവരങ്ങളെയാണ്. ആരോപണത്തിന് ആസ്പദമായ ‘സൈഫർ’ അമേരിക്കയിലെ പാക് എംബസിയിൽ നിന്ന് ഇസ്ലാമാബാദിലേക്ക് അയച്ചപ്പോൾ ഇമ്രാൻ ചോർത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതോടെ സൈഫർ പരസ്യമാക്കിയതിന് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇമ്രാനെതിരെയും അന്നത്തെ വിദേശകാര്യമന്ത്രി ഖുറേഷിക്കെതിരെയും കേസെടുക്കുകയായിരുന്നു.
സൈഫർ കേസിൽ നിന്ന് കുറ്റവിമുക്തമാക്കപ്പെട്ടാലും ഇമ്രാനും മുൻ നയതന്ത്രജ്ഞനും ജയിലിൽ നിന്ന് പുറത്തുവരാൻ കഴിയില്ല. മറ്റ് പല കേസുകളിലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതിനാലാണിത്. മെയ് ഒമ്പതിന് ചാർജ് ചെയ്യപ്പെട്ട പുതിയ കേസുകളുടെ പേരിലാണ് ഖുറേഷി ഇനിയും ജയിലിൽ കിടക്കേണ്ടി വരിക. ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹം കഴിച്ചെന്ന കുറ്റത്തിനാണ് ഇമ്രാൻ ഇപ്പോൾ ജയിലിൽ കിടക്കുന്നത്.