ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ വാതിൽ തുറക്കാൻ ശ്രമം. കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. വാതിൽ തുറക്കുന്നത് തടയാൻ ശ്രമിച്ച ജീവനക്കാരനെ യുവാവ് മർദ്ദിച്ചു. സംഭവത്തിൽ മലയാളിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ അബ്ദുൾ മുസാവിർ എന്നയാളാണ് പിടിയിലായത്. ഇയാൾ വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് ക്യാബിൻ ജീവനക്കാരൻ തടഞ്ഞത്. ഇതിൽ പ്രകോപിതനായ യുവാവ് ജീവനക്കാരനെ മർദ്ദിക്കുകയായിരുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് വിമാനം മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
ആക്രമണത്തിന് ശേഷം പ്രതിയെ ജീവനക്കാരും യാത്രക്കാരും ചേർന്ന് തടഞ്ഞുവയ്‌ക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പ്രതി മറ്റ് യാത്രക്കാരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി ജീവനക്കാർ പറഞ്ഞു. ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.















