ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ 300 കോടിയുടെ ഇടപാടുകളിൽ ബിആർഎസ് നേതാവ് കെ. കവിതയ്‌ക്ക് പങ്കുണ്ടെന്ന് ഇഡി. ഡൽഹി കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബാവേജയ്‌ക്ക് മുൻപാകെ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കവിത മദ്യനയ അഴിമതിക്കേസിൽ ആംആദ്മി നേതാക്കളുമായി 292.80 കോടി രൂപയുടെ ഇടപാടുകളിൽ പങ്കാളിയായിട്ടുണ്ട്. അതിൽ 100 കോടി രൂപ ആംആദ്മി നേതാക്കൾക്കാണ് നൽകിയത്. മദ്യനയ അഴിമതിക്കായി ‘സൗത്ത് ഗ്രൂപ്പി’ലെ അംഗങ്ങളുമായി സംവദിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തത് കവിതയായിരുന്നുവെന്നും ഇഡി പറയുന്നു.
അനധികൃത ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ നിർണായക തെളിവുകൾ അടങ്ങുന്ന കവിതയുടെ ഒമ്പത് മൊബൈൽ ഫോണുകൾ അവർ നശിപ്പിച്ചു. ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ സമർപ്പിച്ചത്. എല്ലാം ഫോർമാറ്റ് ചെയ്ത അവസ്ഥയിലായിരുന്നു. എന്തുകൊണ്ടാണ് ഫോണിലെ ഡാറ്റ നീക്കം ചെയ്തതെന്ന ചോദ്യത്തിനും കവിത മറുപടി നൽകിയില്ല. കൂടാതെ, കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കവിത ശ്രമിച്ചെന്ന ആരോപണവും ഇഡി ഉന്നയിക്കുന്നു.
മാർച്ച് 15നായിരുന്നു ഹൈദരാബാദിലെ വസതിയിൽ നിന്നും കവിതയെ അറസ്റ്റ് ചെയ്യുന്നത്. അടുത്ത അനുയായ അഭിഷേക് ബോയിൻപള്ളിയുടെ പേരിൽ ഇൻഡോ സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനത്തിൽ നിന്നും 5.5 കോടി രൂപയുടെ അനധികൃത ഇടപാട് നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു അറസ്റ്റ്. 100 കോടി രൂപയ്‌ക്ക് ലൈസൻസ് നേടിയ മദ്യവിതരണ കമ്പനി ഇൻഡോ സ്പിരിറ്റിന്റെ ഓഹരികൾ സ്വന്തമാക്കാൻ കവിത ശ്രമിച്ചതായും അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഡൽഹിയിലെ പുതിയ മദ്യനയം റദ്ദാക്കുന്നത് വരെ 192.8 കോടി രൂപയുടെ ലാഭമാണ് കമ്പനിയുണ്ടാക്കിയത്.















