ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ പശ്ചിമ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ, തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. സന്ദേശ്ഖാലിയിൽ സ്ത്രീകളും കുട്ടികളും ദുരിതം അനുഭവിക്കുകയാണെന്നും പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ സന്ദർശിക്കാൻ അനുമതി നൽകണമെന്നും വനിതാ കമ്മീഷൻ കത്തിൽ രേഖപ്പെടുത്തി. പൊലീസിന്റെ ഭാഗത്ത് നിന്നും സ്ത്രീകൾ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
” ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സന്ദേശ്ഖാലിയിൽ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടെന്ന വാർത്തകൾ ദിനംപ്രതി കാണുകയാണ്. പ്രശ്‌ന ബാധിത മേഖലയിൽ സ്ത്രീകൾ വളരെയധികം ദുരിതമനുഭവിക്കുന്നു. പശ്ചിമ ബംഗാളിലെയും സന്ദേശ്ഖാലിയിലെയും വിവിധ പ്രദേശങ്ങൾ സന്ദർശിക്കാനുള്ള അനുമതി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകണം. വിഷയം ഗുരുതരമായി കണ്ട് എത്രയും പെട്ടന്ന് നടപടി സ്വീകരിക്കാനുള്ള അനുമതി തരുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാൽ അക്രമികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം.”- ദേശീയ വനിതാ കമ്മീഷൻ കുറിച്ചു.
തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പശ്ചിമ ബംഗാൾ ആക്രമണങ്ങളാൽ കലുഷിതമായത്. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന ആരോപണങ്ങൾ. അക്രമികൾക്കെതിരെ മമത സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്നറിയാൻ ഗവർണർ സിവി ആനന്ദ ബോസും കത്തെഴുതിയിരുന്നു. ഇനിയും ആക്രമണങ്ങൾ തുടർന്നാൽ ഇരകൾക്ക് രാജ്ഭവൻ സംരക്ഷണം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.















