കാസർകോട്: ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക് തീർത്ഥയാത്രയുമായി യുവാക്കൾ. കാസർകോട് സ്വദേശികളായ സനത്കുമാറും സമ്പത്ത് കുമാറുമാണ് ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക് യാത്ര തിരിച്ചത്. ഏഴ് മാസം ഭാരതത്തിലെ വിവിധ തീർത്ഥ സ്ഥാനങ്ങളിൽ ദർശനം നടത്തിയ ശേഷമാണ് അയ്യപ്പ ദർശനത്തിനായി ശബരിമലയിലെത്തുന്നത്.
കാസർകോടുള്ള അയ്യപ്പ ക്ഷേത്രത്തിൽ നിന്നും വിഷുദിനത്തിലാണ് യുവാക്കൾ വ്രതം നോറ്റ് മാല ധരിച്ചത്. മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹത്തോടെയാണ് സനത്കുമാറും സമ്പത്ത് കുമാറും ബദരിനാഥിലേക്ക് യാത്ര തിരിച്ചത്. ബദരിനാഥ ക്ഷേത്രത്തിന്റെ തിരുനടയിൽ വച്ച് കെട്ട് നിറക്കുകയായിരുന്നു.
ബദരിനാഥ ക്ഷേത്രത്തിന് മുമ്പിൽ തേങ്ങ ഉടച്ച് ശബരിമലയിലേക്കുള്ള യാത്ര ആരംഭിച്ചു. കാൽ നടയായാണ് യുവാക്കൾ ശബരിമലയിലേക്ക് എത്തുക. ദിവസം ചുരുങ്ങിയത് 25 കിലോ മീറ്റർ നടക്കുക എന്നതാണ് ലക്ഷ്യം. അറിവിന്റെ പൊരുൾ തേടിയുള്ള യുവാക്കളുടെ സാഹസിക യാത്രക്ക് കുമ്മനം രാജശേഖരൻ അടക്കമുള്ളവർ മംഗളം നേർന്നു.