നീണ്ട ഇടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രമാണ് ഗരുഡൻ. ഉണ്ണി മുകുന്ദനോടൊപ്പം തമിഴ് സൂപ്പർ സ്റ്റാറുകളായ സൂരിയും ശശികുമാറുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന് ആദ്യദിനം തന്നെ കേരളത്തിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തമിഴ്നാട്ടിലും മികച്ച പ്രതികരണം നേടി കളക്ഷനിൽ കുതിക്കുകയാണ് ഗരുഡൻ.
രജനികാന്ത് നായകനായി പുറത്തിറങ്ങിയ ലാൽ സലാം എന്ന ചിത്രത്തിന്റെ ഫൈനൽ കളക്ഷനെയും മറികടന്നിരിക്കുകയാണ് ഗരുഡൻ എന്നാണ് പുറത്തുവരുന്ന വിവരം. മൂന്ന് ദിവസം കൊണ്ട് 14.6 കോടിയാണ് ചിത്രം നേടിയത്. ദുരൈ സെന്തില്‍ കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ വ്യത്യസ്ത മേക്ക് ഓവറിലാണ് താരങ്ങളെത്തുന്നത്.
13 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഉണ്ണി മുകുന്ദൻ മാസ് കഥാപാത്രത്തിലൂടെയാണ് വീണ്ടും തമിഴകത്ത് ശ്രദ്ധേയമാവുന്നത്. ശശികുമാറിന്റെ സഹോദരനായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്.
വെട്രിമാരനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശിവദ, രോഷിണി ഹരിപ്രിയൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. സമുദ്രക്കനി, മൈം ഗോപി, മൊട്ട രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.















