തിരുവനന്തപുരം: വോട്ടെണ്ണലിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. വിവിധ മണ്ഡലങ്ങളിൽ സ്‌ട്രോംഗ് റൂമുകൾ തുറന്നു. എറണാകുളം ലോക്സഭ മണ്ഡലത്തിൽ തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്‌ട്രോംഗ് റൂമാണ് ആദ്യം തുറന്നത്. കുസാറ്റ് ക്യാമ്പസിലെ സെൻ്റ് ജോസഫ് സ്കൂളിലെ സ്‌ട്രോംഗ് റൂം ആറ് മണിയോടെയാണ് തുറന്നത്.
ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, പൊതു നിരീക്ഷക ശീതൽ ബസവരാജ് തേലി ഉഗലെ തുടങ്ങിയവർ ചേർന്നാണ് സ്‌ട്രോംഗ് റൂം തുറന്നത്. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമും തുറന്നു. നിയമസഭ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലങ്ങളുടെ സ്ട്രോംഗ് റൂമുകൾ തുറന്നത്. ചാലക്കുടി ലോക്സഭ മണ്ഡലത്തിലും സ്‌ട്രോംഗ് റൂമുകൾ തുറന്നു.
വോട്ടെണ്ണലിന് മലപ്പുറം ജില്ലയിലെ നാല് കേന്ദ്രങ്ങളുമൊരുങ്ങി കഴിഞ്ഞു. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായി തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളേജും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായി മലപ്പുറം ഗവ. കോളേജുമാണ് നിശ്ചയിച്ചിട്ടുള്ളത്. വയനാട്ടിൽ ഉൾപ്പെടുന്ന രണ്ട് കേന്ദ്രങ്ങളും ജില്ലയിലുണ്ട്.
തപാൽ വോട്ടാണ് ആദ്യം എണ്ണുന്നത്. കൊല്ലത്ത് ഇത് വരെ 14,136 തപാൽ വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ ആകെ 8893 തപാൽ വോട്ടുകളും 478 സർവീസ് വോട്ടുകളും ലഭിച്ചിട്ടുണ്ട്. ഇവിടെ സ്ട്രോംഗ് റൂമുകൾ രാവിലെ 7.30-ന് തുറക്കും. പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിലെ ഇവിഎം മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോംഗ് റൂമുകൾ 7.30-ന് തുറക്കും. എട്ട് മണിയോടെ തപാൽ വോട്ടുകൾ എണ്ണി തുടങ്ങും.















