റായ്പൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ വിപുലമായ പരിപാടികളുമായി ബിജെപി. തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ഇതിന് പിന്നാലെ ബിജെപി റായ്പൂർ ഘടകം 201 കിലോ ലഡ്ഡുവാണ് തയ്യാറാക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം അണികൾക്കും പ്രദേശത്തുള്ളവർക്കും വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് 11 വ്യത്യസ്ത തരം ലഡ്ഡു ഒരുക്കിയത്.
ആദ്യ ഫലസൂചനകൾ പുറത്ത് വന്നതിന് ശേഷം ഉച്ചയോടെ ലഡ്ഡു വിതരണം ആരംഭിക്കുമെന്ന് ബിജെപി നേതാവ് ലളിത് ജയ് സിംഗ് പറഞ്ഞു. സന്തോഷസൂചകമായി രാത്രി വരെ ലഡ്ഡു വിതരണം നീളുമെന്നും ലളിത് പറയുന്നു. ”തുടർച്ചയായ മൂന്നാം വിജയം വലിയ രീതിയിൽ ആഷോഷിക്കാനാണ് പ്രവർത്തകർ ആഗ്രഹിക്കുന്നത്. ഇതിനായി ബേസൻ, ആട്ട, തേങ്ങ, ചോക്കലേറ്റ്, ബൂന്ദി എന്നിവ കൊണ്ട് 11 തരം വ്യത്യസ്തമായ ലഡ്ഡുവാണ് തയ്യാറാക്കുന്നത്.
രാജ്യത്തെമ്പാടും ബിജെപി തരംഗമാണുള്ളത്. 400ലധികം സീറ്റുകൾ നേടുമെന്നതാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. ജനങ്ങളുടെ പ്രതീക്ഷ ബിജെപിയിലാണ്. 400ലധികം സീറ്റുകൾ സ്വന്തമാക്കിക്കൊണ്ട് തന്നെ എൻഡിഎ സർക്കാർ മൂന്നാംവട്ടവും അധികാരത്തിലെത്തും. ഈ സന്തോഷം മധുരം നൽകി പങ്കിടാനാണ് ആഗ്രഹിക്കുന്നതെന്നും” ലളിത് പറയുന്നു. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ജയ്പൂരിലേയും ബെംഗളൂരുവിലേയും ബിജെപി ആസ്ഥാനത്തും വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. 8.15ഓടെ ആദ്യ ഫലസൂചനകൾ പുറത്ത് വരും.















