സൂറത്ത് ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ സീറ്റ് ഉറപ്പിച്ച് ബിജെപി . ഗുജറാത്തിലെ സൂറത്തിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാലാണ് എതിരില്ലാതെ വിജയിച്ചത് . കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക അസാധുവാക്കിയതിനെ തുടർന്നാണ് ദലാൽ വിജയം ഉറപ്പിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയുടെ മൂന്ന് നിർദ്ദേശകർ തങ്ങളുടെ ഒപ്പുകൾ വ്യാജമാണെന്ന് സത്യവാങ്മൂലം സമർപ്പിച്ചതോടെയാണ് പത്രിക തള്ളിയത്.
ഗുജറാത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമാണ് ഇത് സംഭവിക്കുന്നത്. മുകേഷ് ദലാൽ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളാണ് ഈ സീറ്റിൽ മത്സരരംഗത്തുണ്ടായിരുന്നത്. ഈ സ്ഥാനാർത്ഥികളെല്ലാം നാമനിർദ്ദേശ പത്രിക സമർപ്പിച്ചെങ്കിലും പിന്നീട് 9 പേർ പത്രിക പിൻവലിച്ചു. എതിരില്ലാതെ വിജയിച്ച ദലാലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു.
2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി ഈ മണ്ഡലത്തിൽ വൻ വിജയമാണ് നേടിയത്. എംപി ദർശൻ വിക്രം ജർദോഷ് അന്ന് 7, 95,651 വോട്ടുകൾ നേടിയാണ് വിജയിച്ചത് . എതിരാളിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ അശോക് പട്ടേലിന് 2 , 47,000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്















