ചെന്നൈ: ഇന്ത്യ ആര് ഭരിക്കുമെന്നത് ലോകം ഉറ്റുനോക്കുകയാണെന്ന് ചെന്നൈ സൗത്ത് ബിജെപി സ്ഥാനാർത്ഥി തമിഴിസൈ സൗന്ദരരാജൻ. മറ്റ് രാജ്യങ്ങൾ പോലും ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അവർ.
” എല്ലാ സ്ഥാനാർത്ഥികളും ആത്മവിശ്വാസം കൈവിടാതെ പോരാടണം എന്നാണ് ഈ അവസരത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. മറ്റ് രാജ്യങ്ങൾ പോലും ഭാരതത്തിന്റെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ആകാംക്ഷയോടെ നോക്കിക്കാണുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം എന്തായിരുന്നാലും അത് സന്തോഷത്തോടെ സ്വീകരിക്കും.”- തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു.
വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് പ്രചാരണം നടത്താൻ തനിക്ക് സാധിച്ചിട്ടുള്ളൂവെന്നും എന്നാൽ അതിൽ താൻ സന്തുഷ്ടയാണെന്നും തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. ജനങ്ങൾ ആർക്കൊപ്പം നിൽക്കുമെന്നത് അൽപ്പ സമയത്തിനകം അറിയാൻ സാധിക്കുമെന്നും വിധിയെന്താണെങ്കിലും പൂർണ മനസോടെ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ജയവും പരാജയവും ഒരു മത്സരത്തിന്റെ ഭാഗമാണ്. എന്നാൽ ജനങ്ങളെ സേവിക്കുകയെന്നത് താൻ എല്ലായിപ്പോഴും ചെയ്യുമെന്നും അവർ പ്രതികരിച്ചു.
ചെന്നൈ സൗത്ത് മണ്ഡലത്തെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മികച്ച ലീഡ് സ്വന്തമാക്കാൻ തമിഴിസൈ സൗന്ദരരാജന് നേടാൻ സാധിച്ചിരുന്നു. ഡിഎംകെ നേതാവും നിലവിലെ സിറ്റിംഗ് എംപിയുമായ സുമതി തമിഴച്ചി തങ്കപാണ്ഡ്യനെതിരെയാണ് തമിഴസൈ സൗന്ദരരാജൻ മത്സരിക്കുന്നത്.















