ഓർമ്മയുണ്ടോ ഈ മുഖം!; വീഴ്‌ത്താൻ കാത്തിരുന്നവർ കരഞ്ഞോളൂ, സുരേഷ് ​ഗോപി തൃശൂരിന്റെ വാഴുന്നോർ

Published by
Janam Web Desk

ചാരമാണെന്ന് കരുതി ചികയാൻ നിൽക്കരുത്

കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും…

കാവൽ എന്ന സിനിമയിൽ സുരേഷ് ​ഗോപിക്ക് സംവിധായകൻ നൽകിയ ഡയലോ​ഗോണിത്. ഇന്നാണ് പലർക്കും അതിന്റെ അർത്ഥം മനസിലായത്. ഒരു ജനതയുടെ താങ്ങും തണലുമായ മനുഷ്യന്റെ വീഴ്ച കാണാൻ കാത്തിരുന്നവരോടും സുരേഷ് ​ഗോപിയുടെ ജയം കണ്ട് ഉള്ള് മുഴുവൻ പൊള്ളി നിൽക്കുന്നവരോടും ഈ ഡയലോ​ഗ് അല്ലാതെ മറ്റെന്ത് പറയാൻ.

വിണ്ണിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങിയ ഒരു സൂപ്പർ സ്റ്റാർ മലയാളത്തിൽ ഉണ്ടെങ്കിൽ അത് സുരേഷ് ​ഗോപി മാത്രമാണ്. തന്നാലാവുന്ന വിധം സഹജീവികളെ സഹായിക്കുക എന്ന ഒരു ലക്ഷ്യം മാത്രമെ അദ്ദേഹത്തിനുള്ളൂ. ഈ അടുത്ത് തുടങ്ങിയതുമല്ല സുരേഷ് ​ഗോപിയുടെ ജനസേവനം. ആ മനുഷ്യൻ എല്ലാവരെയും സഹായിച്ചു. അതിന് ജാതിയോ മതമോ നിറമോ ലിം​ഗമോ പ്രശ്നമായിരുന്നില്ല. സുരേഷ് ​ഗോപി എന്ന നന്മയുടെ വറ്റാത്ത ഖനി കേരളത്തിന്റെ മുഴുവൻ സ്വത്താണ്. എന്നാൽ ഒരുപറ്റം ആൾക്കാർ അദ്ദേഹത്തിന് നേരെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം ഉല്പാദിപ്പിക്കാൻ തുടങ്ങി.

ജനങ്ങളെ സേവിക്കാൻ സുരേഷ് ​ഗോപി രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയതാണ് പലരെയും ചൊടിപ്പിച്ചത്. ജനങ്ങൾക്ക് വേണ്ടി കൂടുതൽ എന്തെങ്കിലും ചെയ്യണമെങ്കിൽ അവരിലേക്ക് പൂർണമായും ഇറങ്ങണമെന്ന് തിരിച്ചറിഞ്ഞ നിമിഷം അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് ചുവടുവച്ചു. ജനങ്ങൾക്ക് നല്ലത് ചെയ്യാൻ ഉചിതമായ പാർട്ടിയും തിരഞ്ഞെടുത്തു. എന്നാൽ സുരേഷ് ​ഗോപിയുടെ ബിജെപി പ്രവേശനം കേരളത്തിലെ ഇടത്-വലത് പാർട്ടികളെയും തീവ്ര ഇസ്ലാമിസ്റ്റുകളെയും അസ്വസ്ഥരാക്കി. പിന്നീട് കേരളം കണ്ടത്,  സുരേഷ് ​ഗോപി എന്ന മനുഷ്യനെ വളഞ്ഞിട്ട് അക്രമിക്കുന്നതാണ്.

രാഷ്‌ട്രീയത്തിന്റെ പേരിൽ മലയാളത്തിലെ ഒരു താരവും ഇത്രമാത്രം അസഭ്യ വർഷങ്ങളും വിദ്വേഷ വാക്കുകളും കേട്ടിട്ടുണ്ടാവില്ല. സുരേഷ് ​ഗോപി എന്ന മനുഷ്യൻ ടാര്ഡജറ്റ് ചെയ്യപ്പെടാൻ തുടങ്ങി. അദ്ദേഹത്തിന്റെ പ്രവൃത്തികളിലും വാക്കുകളിലും മതം തിരയാൻ ഒരു വലിയ സംഘം ഇറങ്ങി പുറപ്പെട്ടു. ഇടത്-വലത് പാർട്ടികളുടെ കൂലിയെഴുത്തുകാരും തീവ്ര ഇസ്ലാമിസ്റ്റുകളും ആ മനുഷ്യനെ മതഭ്രാന്തനായും സവർണ ഫാസിസ്റ്റായും മുദ്രകുത്താൻ തുടങ്ങി.

എങ്ങനെയൊക്കെ വേദനിപ്പിക്കാവോ അങ്ങനെയൊക്കെ കുത്തുക, എന്ത് നെറികെട്ട കളിയും കളിച്ച് സുരേഷ് ​ഗോപിയെ വീഴ്‌ത്തുക. ഇതായിരുന്നു ഒരു വലിയ സംഘത്തിന്റെ ലക്ഷ്യം. അവർ പറയുന്നതനുസരിച്ച് പണിയെടുക്കാൻ മലയാളത്തിലെ മുൻനിര മാദ്ധ്യമങ്ങളും തയ്യാറായി. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപി മത്സരിക്കാനിറങ്ങിയപ്പോൾ തെല്ലൊന്നുമല്ല അവർ ഭയപ്പെട്ടത്. അവരുടെ ഭയം ശരിയായിരുന്നു. 11.15 ശതമാനമായിരുന്നു 2014-ൽ ബിജെപിക്ക് ലഭിച്ച വോട്ടെങ്കിൽ, വെറും 16 ദിവസത്തെ പ്രചരണം കൊണ്ട് ബിജെപിയുടെ വോട്ട് 28.19-ൽ സുരേഷ് ​ഗോപി എത്തിച്ചു. പക്ഷെ, പരാജയപ്പെട്ടു. അവർ ഉറക്കെ കൂവി.  പക്ഷെ,  അദ്ദേഹം എന്ത് ചെയ്തു കൊണ്ടിരുന്നോ,  അത് തുടർന്നു.

2021-ൽ നിയമസഭാ തെരഞ്ഞെടുപ്പ് എത്തി. സുരേഷ് ​ഗോപിയെ പാർട്ടി വീണ്ടും അങ്കത്തട്ടിലും ഇറക്കി. ഇടത്-വലത് മുന്നികൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. അവർ ആ പഴയ തന്ത്രം വീണ്ടും പ്രയോ​ഗിച്ചു. എങ്ങനെയും സുരേഷ് ​ഗോപിയെ താഴ്‌ത്തി കെട്ടുക. അവർ കൂട്ടം ചേർന്ന് ആക്രമിച്ചിട്ടും ആ മനുഷ്യനും അദ്ദേഹത്തിനൊപ്പമുള്ളവരും പതറിയില്ല. 31.30 ശതമാനം വോട്ട് നേടി ഇരുമുന്നണികളെയും സുരേഷ് ​ഗോപി വിറപ്പിച്ചു. 2016-ൽ ബിജെപിക്ക് ലഭിച്ച വോട്ടിനേക്കാൾ 11.84 ശതമാനം വർദ്ധനവ്. പക്ഷെ, എന്നിട്ടും അദ്ദേഹം പരാജയപ്പെട്ടു.

രണ്ട് തവണയും തോറ്റതിനാൽ സുരേഷ് ​ഗോപി തൃശൂർ വിട്ട് പോയേക്കുമെന്നും രാഷ്‌ട്രീയം ഉപേക്ഷിച്ചേക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വീഴ്ച കണ്ട് കയ്യടിച്ചവർ മനക്കോട്ട കെട്ടിയത്. എന്നാൽ, കണ്ടത് മറ്റൊന്നായിരുന്നു. തോൽപ്പിച്ചാലും തൃശൂരിലെ ജനങ്ങൾ തന്റെ ഹൃദയത്തിലാണെന്ന് അദ്ദേഹം പ്രവൃത്തി കൊണ്ട് തെളിയിച്ചു. തൃശൂരിലേക്ക് താമസം മാറി, അവിടെ നിന്നുകൊണ്ട് പ്രവർത്തിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടു,  പരിഹരിച്ചു കൊടുത്തു. പാവങ്ങൾക്ക് കയറി ചെല്ലാൻ ഒരു പടിയുണ്ടെന്ന് തെളിയിച്ചു. കരുവന്നൂരിൽ കുരുങ്ങി ശ്വാസം മുട്ടിയവർക്ക് കൈതാങ്ങായി. അവർക്ക് വേണ്ടി തെരുവിലൂടെ കിലോമീറ്ററുകൾ നടന്നു, തന്റെ നാവ് അവരുടെ ശബ്ദമായി മാറ്റി. എന്നിട്ടും ആ മനുഷ്യനെ ഇടത്-വലത് നേതാക്കളും അവരുടെ അടിമകളും സൈബർ പോരാളികളും ബുദ്ധിജീവികളും വെറുതെ വിട്ടില്ല.

കരുവന്നൂരിലെ ജനങ്ങൾക്ക് വേണ്ടി നടന്നപ്പോൾ, സ്വന്തം മകളുടെ കല്യാണം ​ഗുരുവായൂർ അമ്പലത്തിൽ വച്ച് നടത്തിയപ്പോൾ, വിശ്വാസത്തിന്റെ പേരിൽ ലൂർദ് മാതാവിന് സ്വർണം കിരീടം സമർപ്പിച്ചപ്പോൾ, പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് പിച്ച ചട്ടിയുമായി ഇങ്ങിയ മറിയ ചേട്ടത്തിയെ ചേർത്ത് നിർത്തിയപ്പോൾ അവർ സുരേഷ് ​ഗോപിയെ ആക്രമിച്ചു. ഒന്നിലും പ്രതികരിക്കാതെ, പ്രകോപിതനാകാതെ അദ്ദേഹം തന്റെ കടമകൾ നിറവേറ്റി. വീഴുന്നില്ല എന്ന് കണ്ടപ്പോൾ ചില മാദ്ധ്യമങ്ങളെ വിലയ്‌ക്കെടുത്ത് ഇല്ലാ കഥകൾ മെനഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചെന്ന അതിരുവിട്ട അധിക്ഷേപങ്ങൾ ചൊരിഞ്ഞു. പക്ഷെ, ആ മനുഷ്യൻ വീണില്ല.

ആരോടും പരാതി പറയാതെ, പരിഭവങ്ങൾ പ്രകടിപ്പിക്കാതെ, എതിർ സ്ഥാനാർത്ഥികളെ അവഹേളിക്കാതെ വീണ്ടും സുരേഷ് ​ഗോപി തെരഞ്ഞെടുപ്പിനെ നേരിട്ടു. നാല് ദിക്കിൽ നിന്നും അദ്ദേഹത്തിന് നേരെ വിഷം പുരട്ടിയ അസ്ത്രങ്ങൾ തൊടുത്തു. അതിനെയെല്ലാം ഭേദിച്ച് ജനങ്ങൾക്ക് വിധി എഴുതാൻ അദ്ദേഹം നിന്നുകൊടുത്തു. ആ മനുഷ്യന്റെ സഹനത്തിനും ക്ഷമയ്‌ക്കും ആർജവത്തിനും നിശ്ചയദാർഢ്യത്തിനും സേവനത്തിനും മുന്നിൽ ജനങ്ങൾ അവരുടെ ഹൃദയം അടിയറവ് വച്ചു. വിജയത്തിൽ കുറഞ്ഞതൊന്നും നൽകില്ല എന്ന് അവസാനം തീരുമാനം എടുത്തു.

ജൂൺ 4-ന് ജനങ്ങൾ വിധി എഴുതി. ‘ഇത്തവണയെങ്കിലും തൃശൂർ എടുക്കുമോ’ എന്ന് പരിഹസിച്ചവരുടെ നെഞ്ചിൽ ചവിട്ടികൊണ്ട് ജനങ്ങൾ പറഞ്ഞു,  ‘തൃശൂർ ഞങ്ങളങ്ങ് കൊടുത്തൂ..’ നിങ്ങൾ ആ മനുഷ്യനെ നോവിച്ചപ്പോൾ തങ്ങളുടെ ജനനായകനായി ഒരു ജനത അദ്ദേഹത്തെ നെഞ്ചിലേറ്റി.  ഒരു കാര്യം കൂടി പറയട്ടെ…അയാളുടെ പേര് സുരേഷ് ഗോപി എന്നാണ്. Just Remember That…

Share
Leave a Comment