ആഘോഷവേളകൾ കൂടുതൽ ആനന്ദകരമാക്കാൻ വാങ്ങുന്ന പലഹാരങ്ങളിൽ ഒന്നാണ് ലഡ്ഡു . പല കളറിൽ , പല രുചികളിൽ ലഡ്ഡു ലഭ്യമാണ് . എങ്കിലും ചില അവസരങ്ങളിൽ പച്ച ലഡ്ഡുവിനാണ് ആവശ്യക്കാരേറെയുള്ളത് .
ചെറുപയർ പൊടി , കടലമാവ് , പഞ്ചസാര , നെയ്യ് , ഏലക്കപ്പൊടി കശുവണ്ടി , ഉണക്കമുന്തിരി എന്നിവ ചേർത്താണ് പച്ച ലഡ്ഡു തയ്യാറാക്കുന്നത് . സാധാരണ ലഡ്ഡു പോലെയല്ല ചെറുപയർ പൊടി ഉപയോഗിക്കുന്നതിനാൽ വളരെ വേഗം കേടായി പൂപ്പൽ പിടിക്കുന്ന പലഹാരമാണ് പച്ച ലഡ്ഡു . എന്നാൽ അൽപ്പം ശ്രദ്ധിച്ചാൽ ഇവ നമുക്ക് സൂക്ഷിച്ചു വയ്‌ക്കാം .
വെള്ളത്തിന്റെ അംശം ഒട്ടുമില്ലാത്ത പാത്രങ്ങളിലാകണം പച്ച ലഡ്ഡു സൂക്ഷിച്ചു വയ്‌ക്കേണ്ടത് . ഈർപ്പമുണ്ടായാൽ ലഡ്ഡു വളരെ വേഗം കേടായി പോകും . ലഡ്ഡു ഉണ്ടാക്കും മുൻപ് അൽപ്പം നെയ്യോ, എണ്ണയോ കൈകളിൽ പുരട്ടുന്നതും നല്ലതാണ് . ഇത് കൈയ്യിൽ മാവ് ഒട്ടിപിടിക്കാതിരിക്കാനും സഹായിക്കും . ചൂടോടെയാണ് ലഡ്ഡു കൈകളിൽ വച്ച് ഉരുട്ടിയെടുക്കേണ്ടത് . തണുത്ത് പോയാൽ ലഡ്ഡു കട്ടി കൂടിയ പോലെയാകും. കൃത്യമായി ആകൃതിയും കിട്ടാൻ ബുദ്ധിമുട്ടായിരിക്കും.















