തിരുവനന്തപുരം: ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ഹീറോയായി സുരേഷ് ഗോപി മാറിയെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ ജി കൃഷ്ണകുമാർ. കേരളത്തിന്റെ ചരിത്രം തിരുത്തി കുറിക്കുന്ന നിമിഷമാണിത്. സംസ്ഥാനത്ത് താമര വിരിയില്ലെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാൽ സുരേഷട്ടനിലൂടെ താമര വിരിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പ്രവർത്തകനെന്ന നിലയിൽ സുരേഷ് ഗോപിയുടെ വിജയം അത്യന്തം സന്തോഷം നൽകുന്ന കാര്യമാണ്. രാജ്യം ഒട്ടാകെ ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശൂർ. പാർലമെന്റിലേക്ക് കേരളത്തിൽ നിന്ന് ബിജെപിയെ പ്രതിനിധീകരിക്കുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. കൊല്ലത്ത് ബിജെപിയുടെ വോട്ടുവിഹിതം ഉയർത്തുക എന്നതായിരുന്നു എന്റെ ദൗത്യം. 10 % മാത്രമാണ് മണ്ഡലത്തിൽ വോട്ടുള്ളത്. അത് ഉയർത്താനായി. ബിജെപിക്കൊപ്പം നിന്ന എല്ലാ മാദ്ധ്യമപ്രവർത്തകർക്കും നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
തൃശൂരിൽ 73,120 വോട്ടിന്റെ ഭൂരിപക്ഷമാണ് സുരേഷ് ഗോപി നേടിയത്. 3,96,881 വോട്ടുകൾ നേടിയാണ് നേടിയാണ് അദ്ദേഹം വിജയം ഉറപ്പിച്ചത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ലീഡുയർത്താൻ ശ്രമിച്ചെങ്കിലും പിന്നീട് കൃത്യമായ ഭൂരിപക്ഷത്തോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സുരേഷ് ഗോപി ജയം ഉറപ്പിച്ചത്.















