ന്യൂഡൽഹി: മഥുരയിലെ രാധാരാമൻ ക്ഷേത്രത്തിൽ ദർശനം നടത്തി മഥുര എൻഡിഎ സ്ഥാനാർത്ഥി ഹേമാ മാലിനി. ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിയൊണ് ഹേമ മാലിനിയുടെ ക്ഷേത്ര ദർശനം. ലീഡ് നില ഉയരുമ്പോൾ വിജയപ്രതീക്ഷയിലാണ് ഹേമ മാലിനി. ബിജെപി പ്രവർത്തകരോടൊപ്പമാണ് ഹേമ മാലിനി ക്ഷേത്ര ദർശനത്തിനെത്തിയത്.
പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും സന്തോഷമുണ്ടെന്ന് ദർശനത്തിന് മുന്നോടിയായി ഹേമ മാലിനി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. മുഴുവൻ എൻഡിഎ സ്ഥാനാർത്ഥികളും വിജയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനാണ് ഇവിടെയെത്തിയതെന്നും ഹേമ മാലിനി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
1,76,443 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഹേമ മാലിനി മുന്നേറുന്നത്. നിരവധി പേരാണ് ഹേമ മാലിനിയ്‌ക്ക് ആശംസകളറിയിച്ച് ക്ഷേത്ര പരിസരത്തെത്തിയത്. മുദ്രാവാദ്യം മുഴക്കിയും മധുരം പങ്കിട്ടും ബിജെപി പ്രവർത്തകർ വിജയാഘോഷങ്ങൾക്ക് തുടക്കമിട്ടു.















