ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുന്നതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ഹമീർപൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അനുരാഗ് ഠാക്കൂർ. അഞ്ചാം തവണയും ജനങ്ങൾ തന്നെ അനുഗ്രഹിച്ചുവെന്നും ജനങ്ങളോട് എന്നും നന്ദിയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലീഡ് നില ഉയരുന്നതിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിമാചലിലെയും ഹമീർപൂരിലെയും ജനങ്ങളോട് എക്കാലവും എനിക്ക് കടപ്പാടുണ്ട്. അവർക്ക് വേണ്ടി പ്രവർത്തിക്കാനാണ് ഇനി തയ്യാറാവുന്നത്. എൻഡിഎ സർക്കാർ 300-ലധികം സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
1,77,763 വോട്ടുകൾക്കാണ് അനുരാഗ് ഠാക്കൂർ ലീഡ് ചെയ്യുന്നത്. വൻ ആഘോഷങ്ങളാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ബിജെപി പ്രവർത്തകർ വിജയം ആഘോഷിച്ചു. 4,01,972 വോട്ടുകൾ നേടി കോൺഗ്രസ് സ്ഥാനാർത്ഥി സത്പാൽ റൈസാദ് രണ്ടാം സ്ഥാനത്താണ്.
ഷിംല, കാൻഗ്ര, മാണ്ഡി സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളുടെ ലീഡ് തുടരുകയാണ്.