ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആഘോഷ തിമിർപ്പിൽ ഡൽഹി. ഡൽഹിയിലെ ബിജെപി പാർട്ടി ആസ്ഥാനത്തിന് പുറത്ത് വലിയ ആഘോഷങ്ങളാണ് നടക്കുന്നത്.
നഗരത്തിലുടനീളം മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ബിജെപി പ്രവർത്തകർ ആഘോഷിക്കുകയാണ്. മൂന്നാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി. 293 സീറ്റുകൾ നേടി അധികാരം നിലനിർത്താനൊരുങ്ങുകയാണ് എൻഡിഎ സഖ്യം.
ഡൽഹിയിലും ബിജെപി വൻ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. മുതിർന്ന ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകൾ ബൻസൂരി സ്വരാജ് ബൻസുരി സ്വരാജ് വലിയ ഭൂരിപക്ഷത്തോടെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇതുവരെ 354,789 വോട്ടുകളാണ് ബൻസൂരി സ്വരാജ് നേടിയത്. ഏഴ് ലോക്സഭാ സീറ്റുകളിലും ബിജെപിയാണ് മുന്നിലുള്ളത്. ആംആദ്മി പാർട്ടി കോൺഗ്രസുമായി ചേർന്ന് പ്രവർത്തിച്ചെങ്കിലും പ്രതീക്ഷകളൊക്കെ തകിടം മറിയുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഡൽഹിയിൽ ബിജെപി 54.01ശതമാനം വോട്ട് നേടിയപ്പോൾ എഎപി 16.91 ശതമാനവും കോൺഗ്രസ് 17.29 ശതമാനവും വോട്ട് നേടി. 2019-ൽ 56.9 ശതമാനമായിരുന്നു ബിജെപിയ്‌ക്ക് ലഭിച്ച വോട്ട് വിഹിതം. കോൺഗ്രസ് 22 ശതമാനവും എഎപി 18 ശതമാനവുമാണ് നേടിയത്.















