ലോകചാമ്പ്യൻ ഡിംഗ് ലിറെനെ വീഴ്‌ത്തി നോർവേ ചെസ് ടൂർണമെൻ്റിൽ അശ്വമേധം തുടർന്ന് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ പ്രജ്ഞാനന്ദ. അർമഗെഡോൺ ഗെയിമിലാണ് പ്രജ്ഞാനന്ദ അട്ടിമറി നടത്തിയത്. ടൂർണമെന്റിൽ നേരത്തെ ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെയും രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനയെയും പ്രജ്ഞാനന്ദ കീഴടക്കിയിരുന്നു. ക്ലാസിക്ക് ഗെയിമിലായിരുന്നു ഇന്ത്യൻ താരത്തിന്റെ തേരോട്ടം. നിലവിൽ 11 പോയിൻ്റുമായി മൂന്നാം സ്ഥാനത്താണ് പ്രജ്ഞാനന്ദ.
പരമ്പരാഗത ഗെയ്മിൽ പ്രജ്ഞാനന്ദയുമായി സമനിലയിലായിരുന്നിട്ടും ലിറെൻ അർമഗെഡോൺ ഗെയ്മിൽ പരാജയം രുചിക്കുകയായിരുന്നു.അതേസമയം മറ്റൊരു ആവേശ പോരിൽ ഹിക്കാരു നാക്കാമുറ കാൾസനെ വീഴ്‌ത്തി അദ്ദേഹവുമായുള്ള പോയിൻ്റ് വ്യത്യാസം അരയായി കുറച്ചു. അർമഗെഡോൺ ത്രില്ലറിലാണ് ഹിക്കാരു കാൾസനെ അടിയറവ് പറയിച്ചത്.
അതേസമയം പ്രജ്ഞാനന്ദയുടെ ഈ വിജയത്തിന് പിന്നാലെ മുൻ ലോക ചാമ്പ്യൻ ഗാരി കാസ്പറോവ് അഭിനന്ദിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ മത്സരത്തിൽ നിയന്ത്രണം കൈവിടാതെയുള്ള സ്ഥിരതയെ അദ്ദേഹം അഭിനന്ദിച്ചു.13 പോയിൻ്റുമായി മാഗ്നസ് കാൾസണാണ് ടൂർണമെൻ്റിൽ ഒന്നാമത് നിൽക്കുന്നത്.