ന്യൂഡൽഹി: ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി നേതാക്കൾക്കും ഉജ്ജ്വല സ്വീകരണം. പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ അദ്ദേഹം അവരെ അഭിസംബോധന ചെയ്തും സംസാരിച്ചു. 1962 ന് ശേഷം ആദ്യമായിട്ടാണ് ഭാരതത്തിൽ ഒരു സർക്കാർ മൂന്നാം തവണയും തുടർച്ചയായി അധികാരത്തിലെത്തുന്നതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
പുതിയ ആവേശത്തോടെയും പുതിയ ഊർജ്ജത്തോടെയും പുതിയ പ്രതിജ്ഞകളോടെയും മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഈ വിജയത്തിനായി അശ്രാന്തം പരിശ്രമിച്ച എല്ലാ പാർട്ടി പ്രവർത്തകർക്കും അഭിനന്ദനമറിയിക്കുന്നതായും ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
തുടർച്ചയായ മൂന്നാം തവണയും ജനങ്ങൾ എൻഡിഎയിൽ വിശ്വാസമർപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തട്ടിലും വികസനം ഉറപ്പിക്കാൻ എൻഡിഎ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷം 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം ഭൂതകാലമാകുന്നതുവരെ ആ ദൗത്യത്തിൽ നിന്ന് പിൻമാറില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്ന അരുണാചൽ പ്രദേശ്, സിക്കിം, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്‌നാഥ് സിംഗ്, അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെയും നേതാക്കളെയും ബിജെപി പ്രവർത്തകർ സ്വീകരിച്ചത്.