ബെംഗളൂരു: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പിടികൂടി ദേശീയ അന്വേഷണ ഏജൻസി. കേസിലെ 19-ാം പ്രതി റിയാസ് യൂസഫ് ഹാരള്ളിയെയാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷണ ഏജൻസി അറിയിച്ചു.
കേസിലെ പ്രതിയായ അബ്ദുൾ റഹ്‌മാന്റെ നിർദ്ദേശ പ്രകാരമാണ് റിയാസ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഒരു മാസം മുമ്പ് കേസിലെ മറ്റുപ്രതികളായ മുസ്തഫാ പൈച്ചാർ, മൻസൂർ പാഷ എന്നിവരെ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. സകലേഷ്പുരയിൽ മൻസൂർ പാഷക്കൊപ്പം ഒളിവിൽ താമസിക്കാനുള്ള സംവിധാനവും മുസ്തഫാ പൈച്ചാർ ഒരുക്കിയിരുന്നതായി ഏജൻസി അറിയിച്ചു.
2022 ജൂൺ 26നായിരുന്നു പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ദക്ഷിണ കന്നഡയിലെ ബെല്ലാരി ഗ്രാമത്തിൽ വച്ചായിരുന്നു ആക്രമണം. കൊലയ്‌ക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ട് ഭീകരരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൊലക്കേസ് ആദ്യം ബെല്ലാരി പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് എൻഐഎയ്‌ക്ക് കൈമാറുകയായിരുന്നു.അന്വേഷണത്തിനൊടുവിൽ 2023 ജനുവരിയിൽ 21 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു.















